ലണ്ടൻ: ഒളിമ്പിക് താരം ടോം ഡാലിക്കും അദ്ദേഹത്തിന്റെ സ്വവർഗ പങ്കാളിയും സിനിമാ സംവിധായകനുമായ ഡസ്റ്റിൻ ലാൻസ് ബ്ലാക്കിനും കുഞ്ഞു പിറക്കാൻ പോകുന്നു. ആരാധകർക്കുള്ള വാലന്റൈൻസ് ഡേ സമ്മാനാമായാണ് ഇരുവരും തങ്ങളുടെ കുഞ്ഞിന്റെ അൾട്രാ സൗണ്ട് സ്‌കാനിന്റെ ചിത്രം പുറത്ത് വിട്ടത്.

ഡൈവിങ് താരവും 23കാരനുമായ ടോമും 43കാരനായ പങ്കാളി ഡസ്റ്റിനും ഇൻസ്റ്റാഗ്രാമിലൂടെയാണ് തങ്ങൾക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടത്. വാലന്റൈൻസ് ദിനത്തിൽ ആരാധകർക്ക് ഞങ്ങളുടെ സമ്മാനം  എന്ന തലക്കെട്ടോടെയാണ് ഇവർ ഫോട്ടോ പങ്കു വെച്ചിരിക്കുന്നത്.

ഉടൻ തങ്ങളുടെ കുഞ്ഞ് പുറം ലോകത്തെത്തുമെന്നാണ് ഇവർ വ്യക്തമാക്കിയിരിക്കുന്നത്. ഒരു സ്ത്രീയുടെ ഗർഭപാത്രം വാടകയ്ക്കെടുത്താണ് ഇവർ തങ്ങളുടെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നത്. എന്നാൽ ആ സ്ത്രീ ആരെന്ന് വ്യക്തമല്ല. 2015ൽ വിവാഹ നിശ്ചയം കഴിഞ്ഞ ഇവർ 2017 മെയിലാണ് വിവാഹിതരാവുന്നത്.