- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ തിരിച്ചറിയാൻ സഹായിക്കുന്ന എന്ത് പ്രസിദ്ധീകരിച്ചാലും നിയമലംഘനം; പേര് പറയാതെയും ദുഷ്ടലാക്കില്ലാതെയും ആണെങ്കിൽ കൂടി തിരിച്ചറിയുന്ന വിവരങ്ങൾ ചേർക്കുന്നതാണെങ്കിലും ശിക്ഷാർഹം; ഒരു ഫേസ്ബുക്ക് പോസ്റ്റ് വിവാദം കേസായപ്പോൾ ഹൈക്കോടതി അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നത് ഇങ്ങനെ
കൊച്ചി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി. സോഷ്യൽ മീഡിയയിലോ മറ്റ് മാദ്ധ്യമങ്ങൾ വഴിയോ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമപ്രകാരം കുറ്റകരമാണെന്നാണ് കോടതി വ്യക്തമാക്കിയത്. വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയതിനു പിന്നിൽ പ്രത്യേക ദുഷ്ടലാക്കോ ദുരുദ്ദേശ്യമോ ഇല്ലെങ്കിൽ പോലും നിയമത്തിലെ 23 (4) വകുപ്പനുസരിച്ചു കുറ്റകരമാകുമെന്നും വ്യക്തമാക്കി. അതിക്രമത്തിന് ഇരയാകുന്ന കുട്ടിയുടെ സ്വകാര്യതയോ സൽക്കീർത്തിയോ ഹനിക്കുന്ന തരത്തിൽ റിപ്പോർട്ടോ കമന്റോ പാടില്ലെന്നു നിയമത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പേര് പറയാത്ത വിധത്തിലാണ് റിപ്പോർട്ടെങ്കിൽ കൂടി നിയമത്തിന്റെ പിടിവീഴുമെന്നാണ് കോടതി വ്യക്തമാക്കുന്നത്. കുട്ടിയെ തിരിച്ചറിയാൻ സഹായകരമായ പേര്, വിലാസം, കുടുംബ പശ്ചാത്തലം, സ്‌കൂൾ തുടങ്ങിയ വിവരങ്ങൾ മാദ്ധ്യമ റിപ്പോർട്ടുകളിൽ ഉൾപ്

കൊച്ചി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി. സോഷ്യൽ മീഡിയയിലോ മറ്റ് മാദ്ധ്യമങ്ങൾ വഴിയോ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമപ്രകാരം കുറ്റകരമാണെന്നാണ് കോടതി വ്യക്തമാക്കിയത്.
വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയതിനു പിന്നിൽ പ്രത്യേക ദുഷ്ടലാക്കോ ദുരുദ്ദേശ്യമോ ഇല്ലെങ്കിൽ പോലും നിയമത്തിലെ 23 (4) വകുപ്പനുസരിച്ചു കുറ്റകരമാകുമെന്നും വ്യക്തമാക്കി. അതിക്രമത്തിന് ഇരയാകുന്ന കുട്ടിയുടെ സ്വകാര്യതയോ സൽക്കീർത്തിയോ ഹനിക്കുന്ന തരത്തിൽ റിപ്പോർട്ടോ കമന്റോ പാടില്ലെന്നു നിയമത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പേര് പറയാത്ത വിധത്തിലാണ് റിപ്പോർട്ടെങ്കിൽ കൂടി നിയമത്തിന്റെ പിടിവീഴുമെന്നാണ് കോടതി വ്യക്തമാക്കുന്നത്.
കുട്ടിയെ തിരിച്ചറിയാൻ സഹായകരമായ പേര്, വിലാസം, കുടുംബ പശ്ചാത്തലം, സ്‌കൂൾ തുടങ്ങിയ വിവരങ്ങൾ മാദ്ധ്യമ റിപ്പോർട്ടുകളിൽ ഉൾപ്പെടുത്താൻ പാടില്ല. കുട്ടിയുടെ ഭാവിയെയും തൊഴിലിനെയും ബാധിക്കുന്ന തരത്തിലുള്ള പ്രസിദ്ധപ്പെടുത്തലും വെളിപ്പെടുത്തലും പാടില്ലെന്നുള്ള ഉദ്ദേശ്യം നിയമത്തിന്റെ 23-ാം വകുപ്പിൽ വ്യക്തമാണെന്നു കോടതി പറഞ്ഞു.
കുട്ടിയെ തിരിച്ചറിയാനുതകുന്ന വിവരമുൾപ്പെട്ട രേഖ ഫേസ്‌ബുക്കിൽ ഇട്ടതിന്റെ പേരിൽ ബാലാവകാശ കമ്മിഷൻ നടപടിയെടുത്തതു ചോദ്യം ചെയ്ത് നെയ്യാറ്റിൻകര സ്വദേശി എസ്.ആർ. സുധീഷ്‌കുമാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണു കോടതിവിധി. കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിനു പ്രവർത്തിക്കുന്ന സംഘടനയുടെ നിയമോപദേഷ്ടാവായ ഹർജിക്കാരൻ അതിക്രമം നടത്തിയവരെ കുടുക്കാൻ വേണ്ടിയാണു പോസ്റ്റ് ഇട്ടതെന്നും നടപടി സദുദ്ദേശ്യത്തിലാണെന്നും വാദിച്ചു.
തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ അദ്ധ്യാപകൻ ചില പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് സംഭവം. ഈ സംഭവത്തിൽ ഒരു കുട്ടിയുടെ രക്ഷാകർത്താവു പരാതി നൽകി. നടപടിയുണ്ടായില്ലെന്നറിഞ്ഞ് അധികൃതരെ സമ്മർദത്തിലാക്കാൻ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ടിന്റെ രേഖകളും മറ്റും സംഘടിപ്പിച്ചു ഫേസ്‌ബുക്കിലിട്ടു. പിന്നീട്, കുട്ടിയുടെ പേരും മറ്റും രേഖയിലുണ്ടെന്നു ശ്രദ്ധയിൽപെട്ടതോടെ പിറ്റേന്നു തന്നെ അതു നീക്കിയെന്നും ബോധിപ്പിച്ചു.
എന്നാൽ, പരാതിയിൽ വലിയ കഴമ്പില്ലാതിരുന്നിട്ടും ഹെഡ്‌മാസ്റ്റർ അത് അന്വേഷിച്ചതായി ജില്ലാ പൊലീസ് മേധാവി ബോധിപ്പിച്ചു. അദ്ധ്യാപകനെതിരെ വകുപ്പുതലത്തിൽ ചില നടപടികളുമുണ്ടായി. പിന്നീട് കുട്ടിയുടെ രക്ഷാകർത്താവ് പരാതിയൊന്നും നൽകിയില്ല. സംഭവം നടന്ന് അഞ്ചു വർഷത്തിനു ശേഷം കുട്ടികൾ +1 ആയപ്പോഴാണു രേഖകൾ ഫെയ്‌സ് ബുക്കിലിട്ടതെന്നും അറിയിച്ചു.
അതിക്രമസംഭവം നടക്കുമ്പോൾ ബന്ധപ്പെട്ട നിയമം ഉണ്ടായിരുന്നില്ലെന്നു ഹർജിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഫേസ്‌ബുക്കിൽ പോസ്റ്റിട്ട തീയതിയാണു നിലവിലെ നടപടിക്ക് ആധാരമെന്നും അതു നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷമാണെന്നും കോടതി വിലയിരുത്തി.

