ഓക്ലൻഡ് (യുഎസ്) : ഇനി എപ്പോഴെങ്കിലും അമ്മയെ നേരിൽ കാണാൻ സാധിക്കുമോ എന്ന ചിന്തയിൽ കഴിയുമ്പോഴാണ് അമ്മ താൻ കിടക്കുന്ന കട്ടിലിന് അരികിലേക്ക് വന്നത്. നിറ കണ്ണുകളുമായി തന്റെ രണ്ടു വയസുകാരൻ മകനെ കെട്ടിപുണർന്ന അമ്മയ്ക്ക് ഉടൻ തന്നെ കാണേണ്ടി വന്നത് മകന്റെ വിയോഗമായിരുന്നു. അമേരിക്കയിലേക്കുള്ള യാത്രയ്ക്കു വിലക്കു നേരിട്ടതിനാൽ, മരണം കാത്തുകഴിയുന്ന മകനെ കാണാൻ സാധിക്കാതിരുന്ന യെമൻ സ്വദേശിയായ അമ്മയുടെ കഥ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ലോകത്തിന്റെ പ്രാർത്ഥനകൾ ഏറ്റുവാങ്ങിയ പിഞ്ചുബാലൻ അബ്ദുല്ല ഹസനാണു മരണത്തിനു കീഴടങ്ങിയത്.

ജനിതക തകരാറു മൂലം തലച്ചോറിൽ ഗുരുതര രോഗം ബാധിച്ച കുഞ്ഞിനെ കാണാൻ യുഎസിലെത്താനും ഓക്ലൻഡിലുള്ള ആശുപത്രി സന്ദർശിക്കാനും അമ്മ ഷൈമ സ്വിലെയ്ക്കു നിയമപോരാട്ടത്തിലൂടെ സാധിച്ചതിനു പിന്നാലെയാണു മരണം. കഴിഞ്ഞ 19ന് ഷൈമ മകന്റെയടുത്തെത്തിരുന്നു. ജീവൻരക്ഷാ സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്.

കുഞ്ഞിനു രോഗം കണ്ടെത്തിയതോടെ യുഎസ് പൗരനായ പിതാവ് അലി ഹസനാണ് ഓക്ലൻഡിലെ ആശുപത്രിയിലേക്കു കൊണ്ടുവന്നത്. അതിനിടെ യെമൻ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ളവർക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യാത്രാവിലക്ക് ഏർപ്പെടുത്തിയതാണ് ഷൈമയ്ക്കു ദുരിതമായത്. ഈജിപ്തിൽ വച്ചു വിവാഹിതരായശേഷം 2016ൽ ദമ്പതികൾ യെമനിൽ താമസമാക്കുകയായിരുന്നു.