- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്ക് അമാനുഷിക ശേഷിയുണ്ട്; കുട്ടി സ്വയം തന്നെ ശരീരത്തിൽ മുറിവുകൾ ഏൽപ്പിക്കുകയാണ്; ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്; ഇതുവഴി പലരും വിവരങ്ങൾ ചോർത്തുന്നു; രണ്ടര വയസുകാരിക്ക് പരിക്കേറ്റതിനെ കുറിച്ച് വിചിത്രവാദങ്ങളുമായി അമ്മയും അമ്മൂമ്മയും; കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് പിതാവ് ആശുപത്രിയിൽ
കൊച്ചി: ശരീരമാസകലം ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ് കുട്ടി ചികിത്സയിലുള്ളത്. 48 മണിക്കൂർ പിന്നിടുമ്പോൾ, കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. കുട്ടി മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിച്ചു തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. അപസ്മാര ലക്ഷണങ്ങൾ കുറഞ്ഞുവരികയാണ്. അതുകൊണ്ട് തന്നെ അല്പം പ്രതീക്ഷയുണ്ട്. എന്നാൽ വരുന്ന 72 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
കുട്ടിയുടെ ശരീരത്തിൽ ഗുരുതര പരിക്കാണുള്ളതെന്ന് ബാലക്ഷേമസമിതി വൈസ് ചെയർമാൻ അരുൺകുമാർ പറഞ്ഞു. അതേസമയം കുട്ടിയുടെ ശരീരത്തിലെ പരുക്കുകൾ സംബന്ധിച്ച് വിചിത്രവാദങ്ങളാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ഉന്നയിക്കുന്നത്. കുട്ടിക്ക് അമാനുഷികശക്തിയുണ്ട്. ഇതിന്റെ ഭാഗമായി കുട്ടി സ്വയം തന്നെ കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഏൽപ്പിക്കുകയാണ്. കുട്ടിയുടെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി പലരും വിവരങ്ങൾ ചോർത്തുന്നുണ്ടെന്നും അമ്മയും അമ്മൂമ്മയും പറയുന്നു.
അതിനിടെ കുട്ടിയുടെ അച്ഛൻ ആശുപത്രിയിലെത്തി. കുട്ടിയുടെ സംരക്ഷണം ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളിൽ നിന്നും വിശദമായ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അമ്മയെയും അമ്മൂമ്മയെയും ചോദ്യം ചെയ്യണമെന്നും, ഇവർക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നും ആക്ഷേപമുണ്ട്. കൗൺസിലിങ് അടക്കം നടത്തി ഇവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരൂവെന്ന് പൊലീസ് സൂചിപ്പിച്ചു.
രണ്ടര വയസ്സുകാരി 'ബാധ ഒഴിപ്പിക്കൽ' നടപടിക്കു വിധേയമായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഹൈപ്പർ ആക്ടീവായ ബാലിക പലപ്പോഴും പ്രായത്തേക്കാൾ കൂടിയ വികൃതികൾ കാട്ടാറുണ്ടെന്ന് അമ്മയും മുത്തശ്ശിയും മൊഴി നൽകിയിട്ടുണ്ട്. ഇതു ബാധയാണെന്ന ധാരണയിൽ ദുർമന്ത്രവാദികൾ ആരെങ്കിലും വീട്ടിലെത്തി കുട്ടിയെ പരുക്കേൽപ്പിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
ഞായറാഴ്ച രാത്രി തെങ്ങോടിലെ ഫ്ളാറ്റിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കുട്ടിക്കും അമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ എന്നയാളും കുട്ടിയുടെ അമ്മയുടെ സഹോദരി അടക്കമുള്ളവരുടെ സിസിടിവി ദൃശ്യങ്ങൾ സിസിടിവി ക്യാമറിയിൽ വ്യക്തമായിട്ടുണ്ട്. ഇവർ പുറത്തേക്ക് പോകുന്നതിന്റെ അടക്കം ദൃശ്യങ്ങളുണ്ട്.
ഇവർ മറ്റേതെങ്കിലും കേന്ദ്രത്തിൽ പോയതിനു ശേഷമാണോ കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ കോലഞ്ചേരി ആശുപത്രിയിലെത്തിച്ചശേഷം ആന്റണി കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനുമൊപ്പം പുലർച്ചെ രണ്ടുമണിക്ക് ഫ്ളാറ്റിൽ തിരിച്ചെത്തി. 20 മിനുട്ടിനകം സാധനങ്ങൾ പായ്ക്ക് ചെയ്ത് ഇവർ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ