- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെറ്റി അടയ്ക്കാത്തതിന് മൂന്നു വയസുകാരിയെ കാറിൽ പൂട്ടിയിട്ട നടപടി; പൊലീസിനെതിരെ പരാതിയുമായി മാതാപിതാക്കൾ; വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു; പരാതി കിട്ടിയാൽ നടപടിയെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: അമിതവേഗത്തിന് പെറ്റി അടയ്ക്കാത്തതിന് മൂന്നു വയസ്സുകാരിയായ മകളെ കാറിൽ പൊലീസ് പൂട്ടിയിട്ടെന്ന പരാതിയുമായി കുട്ടിയുടെ മാതാപിതാക്കൾ. തിരുവനന്തപുരം ബാലരാമപുരം പൊലീസിനെതിരേയാണ് ആരോപണം. കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്. അതേ സമയം കുഞ്ഞിനെ കാറിൽ പൂട്ടിയിട്ട പൊലീസ് നടപടിക്ക് എതിരെ പരാതി കിട്ടിയാൽ നടപടി എടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു.
നെയ്യാറ്റിൻകര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് പൊലീസിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. ധനുവച്ചപുരത്ത് നിന്ന് ഷിബുകുമാറും ഭാര്യയും മൂന്ന് വയസ്സുകാരിയായ മകളും കാറിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലരാമപുരത്തിന് തൊട്ടുമുമ്പ് വാഹനവേഗത പരിശോധിക്കുന്ന ഇന്റർസെപ്ടർ വാഹനത്തിലുണ്ടായ പൊലീസുദ്യോഗസ്ഥർ ഷിബുകുമാറിന്റെ വാഹനം തടഞ്ഞു നിർത്തി. അമിത വേഗതയ്ക്ക് 1500 രൂപ പിഴ വേണമെന്നായിരുന്നു ആവശ്യം.
ഗാനമേളയ്ക്ക് സംഗീത ഉപകരണം വായിക്കുന്ന ഷിബുവിനും ഗായികയായ അഞ്ജന സുരേഷിനും ഒന്നര വർഷത്തിലേറെയായി കോവിഡ് കാരണം വരുമാനം ഇല്ലാതായത് പറഞ്ഞെങ്കിലും ഒഴിവാക്കിയില്ല. ഒടുവിൽ ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോൾ അതിവേഗതയിൽ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം പൊലീസുദ്യോഗസ്ഥനോട് പറഞ്ഞതോടെ ഷിബുവിനെ മർദിക്കാനൊരുങ്ങി. ഇത് കണ്ട് ഷിബുവിന്റെ ഭാര്യ കാറിന്റെ പുറത്തിറങ്ങി ഫോണിൽ വീഡിയോ ചിത്രീകരിച്ചു.
ദേഷ്യത്തിൽ ഓടിവന്ന പൊലീസുദ്യോഗസ്ഥൻ കേസെടുത്ത് അകത്താക്കും എന്ന് ആക്രോശിച്ച് കൊണ്ട് കാറിന്റെ ഡോർ തുറന്ന് താക്കോൽ ഊരി ഡോർ ലോക്ക് ചെയ്ത് പൊലീസ് ജീപ്പിലേക്ക് നടന്നുപോയി. അപ്പോൾ കാറിൽ തനിച്ചിരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരി നിലവിളിക്കുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പിന്നീട് പണം കടംവാങ്ങി പിഴ അടച്ചതിനു ശേഷമാണ് പോവാൻ അനുവദിച്ചത്.
ആറുമാസം മുമ്പ് നടന്ന സംഭവത്തിൽ അന്ന് പരാതി കൊടുത്തിരുന്നില്ല. പക്ഷേ തോന്നയ്ക്കലിൽ കഴിഞ്ഞ ദിവസം എട്ടുവയസ്സുകാരിയുടെ മുന്നിൽ അച്ഛനെ കള്ളനായി ചിത്രീകരിച്ച പൊലീസിന്റെ ക്രൂരത കണ്ടാണ് ഈ സംഭവവും പൊതുസമൂഹം അറിയണം എന്ന നിലപാടിവർ സ്വീകരിച്ചതെന്ന് കുട്ടിയുടെ അമ്മ അഞ്ജന സുരേഷ് പ്രതികരിച്ചു. പൊലീസിന്റെ മോശം പെരുമാറ്റത്തിന് ഇരയായ ദമ്പതികൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടു.
മറുനാടന് മലയാളി ബ്യൂറോ