- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ രാത്രി മുഴുവൻ പെയ്തത് ശക്തമായ മഴ, കുഞ്ഞ് മഴ നനഞ്ഞിട്ടുമില്ല; രാത്രി മുഴുവൻ കുഞ്ഞ് റബ്ബർ തോട്ടത്തിലിരുന്നോ? കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ട് പോയി ഒടുവിൽ നിവൃത്തിയില്ലാതെ വന്നപ്പോൾ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചതോ? രണ്ടര വയസുകാരനെ വീണ്ടെടുക്കുമ്പോഴും ആകെ ദുരൂഹത
കൊല്ലം: ഇന്നലെ അഞ്ചലിൽ രാത്രി ശക്തമായ മഴയാണ് പെയ്തത്, കാണാതായ രണ്ടര വയസുകാരന് വേണ്ടി വീട്ടുകാരും നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നലെ വീടിനടുത്തുള്ള പ്രദേശങ്ങളിലും കുട്ടി ചെല്ലാനിടയുള്ള ഇടങ്ങളിലും എല്ലാവരും ഒരുപോലെ തിരച്ചിൽ നടത്തി. എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ഇന്നും തിരച്ചിൽ ആരംഭിച്ചപ്പോൾ തങ്ങൾ തലേദിവസം തിരഞ്ഞിടത്തു നിന്ന് കുട്ടിയെ കണ്ടെത്തി. ഇതോടെ കുട്ടിയെ കാണാതായതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
കൊല്ലം അഞ്ചലിൽ കാണാതായ രണ്ട് വയസുകാരനെയാണ് നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. പൊലീസും ബന്ധുക്കളും അഗ്‌നിശമനസേനയും നാട്ടുകാരും ഒരുപോലെ നടത്തിയ തിരച്ചിലിനൊടുവിലാണ് തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. എന്നാൽ വെള്ളിയാഴ്ച മുഴുവൻ തിരഞ്ഞിട്ടും കണ്ടെത്താൻ സാധിക്കാത്ത പ്രദേശത്ത് നിന്ന് രാവിലെയോടെ കുട്ടിയെ കണ്ടെത്തിയതിൽ നാട്ടുകാർ സംശയമുയർത്തുന്നുണ്ട്.
അഞ്ചൽ തടിക്കാട്ടിൽ അൻസാരി - ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കാണാതായത്. കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം സമീപത്തുള്ള റബ്ബർ തോട്ടത്തിലേക്ക് പോയതായിരുന്നു കുട്ടി. അമ്മ കരുതി മുത്തശ്ശിയുടെ പക്കൽ കുട്ടി ഉണ്ടാകുമെന്ന്. എന്നാൽ മുത്തശ്ശി കുട്ടി അമ്മയുടെ പക്കൽ ഉണ്ടെന്നാണ് കരുതിയത്. തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിയുന്നത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും ചേർന്ന് പ്രദേശത്ത് ശക്തമായ തിരച്ചിൽ നടത്തുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും എത്തി.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ രാത്രി പന്ത്രണ്ട് മണിയോടെ തിരച്ചിൽ നിർത്തുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ വീണ്ടും തിരച്ചിൽ ആരംഭിച്ചതോടെയാണ് തലേ ദിവസം രാത്രി കുട്ടിക്ക് വേണ്ടി തിരഞ്ഞയിടത്ത് നിന്ന് കണ്ടെത്തിയത്. രാത്രി നല്ല മഴയായിരുന്നു കൊല്ലം അഞ്ചലിൽ കുഞ്ഞിന്റെ വീടിന്റെ പരിസരത്തെല്ലാം. എന്നാൽ, ഫാർഹാന് കാര്യമായി മഴ നനഞ്ഞ ലക്ഷണമൊന്നും ഉണ്ടായിട്ടില്ല.
കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും പൊലീസെത്തി തെരച്ചിൽ നടത്തിയതോടെ കുഞ്ഞിനെ റബ്ബർ തോട്ടത്തിലുപേക്ഷിച്ച് പോവുകയും ചെയ്തുവെന്നാണ് നാട്ടുകാരുടെ ആരോപണം. ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് തന്നെയാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല. കുഞ്ഞിനെ അൽപ്പസമയത്തിനകം അച്ഛനമ്മമാർക്ക് വിട്ട് നൽകും. സംഭവത്തിൽ പൊലീസ് തുടരന്വേഷണം നടത്തുമോ എന്ന കാര്യവും ഇനിയും അറിയേണ്ടതുണ്ട്.
മറുനാടന് മലയാളി ബ്യൂറോ