ന്യൂഡൽഹി: ലൈംഗിക വൈകൃതമുള്ളവർ കുട്ടികളുടെ ലൈംഗിക വീഡിയോകളും മറ്റും മൊബൈലിൽ സൂക്ഷിച്ച് എപ്പോഴും കണ്ട് ആസ്വദിക്കാറുണ്ട്. എന്നാൽ അത്തരക്കാരെ പൂട്ടുന്നതിനുള്ള കടുത്ത ഭേദഗതി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫെൻസസ് ആക്ടി(പോക്സോ)ൽ വരുത്തുന്നതിനായി കേന്ദ്രഗവൺമെന്റ് അരയും തലയും മുറുക്കി രംഗത്തെത്തുന്നു. ഇത് പ്രകാരം കുട്ടികളുടെ ലൈംഗിക വീഡിയോ മൊബൈലിൽ സൂക്ഷിച്ചാലും കണ്ടാലും അഞ്ച് വർഷം വരെ ജാമ്യം ഇല്ലാതെ അകത്ത് കിടക്കേണ്ടി വരും.

കുട്ടികളുടെ ലൈംഗിക സുരക്ഷക്കായാണ് പോക്സോ നിയമത്തിൽ ഇത്തരത്തിൽ ഭേദഗതി വരുത്താൻ മോദി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കുട്ടികളെ കുറിച്ച് മോശമായി ചിന്തിക്കുന്നവനെ പോലും അകത്തിടുന്ന ഉറച്ച നിയമം ഇത്തരത്തിലാണ് നടപ്പിലാക്കാൻ പോകുന്നത്. കുട്ടികളുടെ പോണോഗ്രാഫിക്ക് മെറ്റീരിയലുകൾ കമേഴ്സ്യൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും കാണുകയും സൂക്ഷിക്കുകയും ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരെല്ലാം പുതിയ നിയമത്തിൽ കുടുങ്ങുമെന്നുറപ്പാണ്.

ഇത്തരം കുറ്റങ്ങൾ ചെയ്ത് രണ്ടാമത് പിടിക്കപ്പെടുന്നവർ ഏഴ് വർഷത്തോളം തടവിൽ കഴിയേണ്ടിയും വന്നേക്കാം. ഈ ഭേദഗതി നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശത്തിന് നിയമ മന്ത്രാലയം, മിനിസ്ട്രി ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് എന്നിവയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണിപ്പോൾ. ഇതിനുള്ള അംഗീകാരം അടുത്ത ആഴ്ചയോടെ ലഭിക്കുമെന്നും തുടർന്ന് ഈ നിയമത്തിൽ ഇത് സംബന്ധിച്ച ഭേദഗതി വരുത്താൻ കാബിനറ്റ് തയ്യാറാവുമെന്നുമാണ് ഒരു ഉറവിടം വെളിപ്പെടുത്തുന്നത്.കുട്ടികളുടെ നീലച്ചിത്രങ്ങളും വീഡിയോകളും ദുരുപയോഗിക്കുന്നത് വർധിക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. ഇതിനെ തുടർന്നാണ് ഇത്തരമൊരു നീക്കമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.

നിയമം കർക്കശമാക്കിയാൽ കുട്ടികളുടെ പോൺ സൂക്ഷിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്താൽ ചുരുങ്ങിയത് 1000 രൂപ പിഴയടക്കേണ്ടി വരും. ഈ കുറ്റം ആവർത്തിച്ചാൽ 5000 രൂപയാവും പിഴ. രാജ്യത്ത് ചൈൽഡ് പോണോഗ്രാഫി പടർന്ന് പിടിക്കുന്നതിൽ വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് മിനിസ്റ്ററായ മനേകാ ഗാന്ധിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനാലാണ് നിയമത്തിൽ ഭേദഗതി വരുത്താനുദ്ദേശിക്കുന്നതെന്നും അവർ പറയുന്നു. പുതിയ നിർദ്ദേശം അനുസരിച്ച് പോക്സോ നിയമത്തിലെ സെക്ഷൻ 15ലായിരിക്കും ഭേദഗതി വരുത്തുന്നത്.