പാരിസ്: നാലു നില കെട്ടിടത്തിൽ ജീവൻ പണയം നൽകി തൂങ്ങി കിടന്ന കുഞ്ഞിനെ കണ്ട് കാലൻ പോലും തൊഴുത് മാറി നിൽക്കുന്ന സമയം.മുകളിൽ കുഞ്ഞിനെ രക്ഷിക്കാൻ സാധിക്കാതെ നോക്കി നിൽക്കുന്നവരെയും കാണാം.ഈ സമയം ദൈവ ദൂതനായി അവിടെ അവതരിച്ച യുവാവ് തെല്ലു സമയം പാഴാക്കാതെ സ്വന്തം ജീവൻ വകവയ്ക്കാതെ കുട്ടിയെ രക്ഷിക്കാൻ കെട്ടിടത്തിലേക്ക് വലിഞ്ഞു കയറുകയായിരുന്നു ഈ മാലി കുടിയേറ്റക്കാരൻ.

ഫ്രാൻസിൽ കെട്ടിടത്തിന് താഴേക്ക് വീഴാൻ പോയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി. നാല് നില കെട്ടിടത്തിൽ തൂങ്ങിപ്പിടിച്ച് നിന്ന കുട്ടിയെ ജനങ്ങൾ നോക്കി നിൽക്കെയാണ് സ്വന്തം ജീവൻ പണയം വച്ച് ഇദ്ദേഹം രക്ഷിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 22കാരനായ മമൂദു ഗസ്സമ  കുട്ടിയെ രക്ഷിച്ചത്

യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ നാലാം നിലയിലേക്ക് സാഹസികമായി ഇയാൾ കയറുമ്പോൾ ആർത്തുവിളിക്കുന്ന കാഴ്ചക്കാരേയും വീഡിയോയിൽ കാണാം. 'യഥാർത്ഥ സ്പൈഡർമാൻ' എന്ന അടിക്കുറിപ്പോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. കുട്ടി എങ്ങനെയാണ് കെട്ടിടത്തിന്റെ അറ്റത്തെത്തിയതെന്ന് വ്യക്തമല്ല.

താൻ റോഡിലൂടെ കടന്നുപോകുമ്പോഴാണ് കെട്ടിടത്തിന്റെ നാലാം നിലയിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയെ കണ്ടതെന്ന് ഗസ്സമ പറഞ്ഞു. ഗസ്സമയുടെ പ്രവൃത്തിയെ പാരിസ് മേയർ അന്നെ ഹിഡലോഗ് പുകഴ്‌ത്തി. ഫ്രാൻസിൽ സ്ഥിരതാമസമാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് സഹായം നൽകുമെന്നും മേയർ പറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് ഗസ്സമ മാലിയിൽ നിന്നും ഫ്രാൻസിലെത്തിയത്. വീഡിയോ പുറത്തുവന്നതോടെ ഗസ്സമയെ പുകഴ്‌ത്തി സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ നിറഞ്ഞു.