- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാസ് റൂമിൽ നിന്ന് പെൻസിൽ കണ്ണിൽകൊണ്ട് കുട്ടിക്ക് കാഴ്‌ച്ചപോയ സംഭവം: സ്‌കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്‌ച്ചയില്ലെന്ന് പൊലീസ് റിപ്പോർട്ട്; കാഴ്‌ച്ച നഷ്ടപ്പെട്ട കുട്ടിയുടെ ചികിത്സയ്ക്ക് വകയില്ലാതെ കുടുംബം; ചികിത്സ ഏറ്റെടുക്കാമെന്ന സർക്കാർ വാഗ്ദാനവും പാതിവഴിയിൽ; കൈയൊഴിഞ്ഞ് ബാലവകാശ കമ്മീഷനും
തിരുവനന്തപുരം: ക്ലാസിൽ വച്ച് അബദ്ധത്തിൽ പെൻസിൽ കണ്ണിൽക്കൊണ്ട് കുട്ടിയുടെ കാഴ്‌ച്ചപോയ സംഭവത്തിൽ സ്‌കുളിന് വീഴ്‌ച്ചയില്ലെന്ന് പൊലീസ് റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്‌കൂളും കയ്യൊഴിഞ്ഞതോടെ കാഴ്‌ച്ച നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ തുടർചികിത്സ അവതാളത്തിലായി. ഓട്ടോ ഡ്രൈവറായ അച്ഛന്റെ വരുമാനം കൊണ്ട് മാത്രം എന്തുചെയ്യാനാകുമെന്ന് അറിയാതെ കുഴങ്ങുകയാണ് കുടുംബം. പേരൂർക്കട സ്വദേശി സുമേഷിന്റെ മകനും കവടിയാർ ശബരിഗിരി സ്‌കുൾ ഒന്നാംക്ലാസ് വിദ്യാർത്ഥിയുമായ ശ്രീഹരിയാണ് ചികിത്സയ്ക്കായി വഴികളില്ലതെ പ്രതിസന്ധിയിലായിരിക്കുന്നത്.
2019 സെപ്റ്റംബറിലാണ് സംഭവം. സ്‌കുളിൽ ക്ലാസ് റുമിൽ വച്ചാണ് ശ്രീഹരിയുടെ കണ്ണിൽ പെൻസിൽ കൊണ്ട് പരിക്കേൽക്കുന്നത്. ഉടൻ തന്നെ ക്ലാസിൽ ഉണ്ടായിരുന്ന ടീച്ചറോട് പറഞ്ഞെങ്കിലും ടീച്ചർ കുട്ടിയോട് മുഖം കഴുകി വരാൻ പറയുകയായിരുന്നുവത്രെ. മുഖം കഴുകിയിട്ടും കണ്ണിന്റെ നീറ്റൽ മാറാത്തതിനാൽ വീണ്ടും ടീച്ചറെ സമീപിച്ചെങ്കിലും ടീച്ചർ വീണ്ടും മുഖം കഴുകാൻ ആവർത്തിക്കുകയായിരുന്നു.ശ്രീഹരി മുഖം കഴുകുന്നത് കണ്ട അതേ സ്‌കുളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരി വീട്ടുകാരെ വിവരമറിയിക്കാൻ പറഞ്ഞെങ്കിലും കണ്ണിൽ കാണാൻ ഒന്നുമില്ലെന്നും പറഞ്ഞ് കുട്ടിയോട് ക്ലാസിൽ തുടരാൻ പറയുകയായിരുന്നു. വൈകീട്ട് ശ്രീഹരിയെ വിളിക്കാൻ അമ്മയെത്തിയപ്പോഴാണ് ടീച്ചർ വിവരം വീട്ടുകാരെ ധരിപ്പിക്കുന്നത്.അപ്പോഴേക്കും കുട്ടിയുടെ കണ്ണിൽ വെള്ളപ്പാട് കണ്ട അമ്മ കുട്ടിയെ ആശുപത്രയിൽ കാണിച്ചെങ്കിലും ഇൻഫക്ഷൻ ആയതിനാൽ അടിയന്തിര ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. ജില്ലാ ആശുപത്രിയിൽ വച്ച് ലെൻസ്മാറ്റിവെക്കൽ ശസ്ത്രക്രിയും അനുബന്ധമായി മറ്റു രണ്ട് ശസ്ത്രക്രിയകളും നടത്തേണ്ടിയും വന്നു.
ഈ സമയത്ത് തന്നെ കുട്ടിക്ക് പരിക്കേറ്റ സംഭവം വീട്ടുകാരെ അറിയിച്ചില്ലെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് സുമേഷ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതുകൊണ്ട് തന്നെ സ്‌കുൾ അധികൃതർ സുമേഷിനെ വിളിച്ച് കേസുമായി മുന്നോട്ട് പോകരുതെന്നും വേണ്ട സഹായങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.മുന്നുതവണ ശസ്ത്രക്രിയ കഴിഞ്ഞിട്ടും കണ്ണിന് കാഴ്‌ച്ച കിട്ടാത്തതുകൊണ്ട് വിദഗ്ധ ചികിത്സ വേണ്ടിവരുമെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം.എന്നാൽ ചികിത്സാ ചെലവ് താങ്ങാതെ വന്നതിനാൽ സുമേഷ് സ്‌കുളിനെ സമീപിച്ചു. സ്‌കുൾ മാനേജർ ഒരു ഡോക്ടറെ പരിചയപ്പെടുത്തി നൽകി.
ഡോക്ടറുടെ നിർദ്ദേശ പ്രകാരം കാഴ്‌ച്ച കിട്ടണമെങ്കിൽ എഴുപതിനായിരം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയയായിരുന്നു പ്രതിവിധി.ചികിത്സയക്ക് തുക കണ്ടെത്താനാവതെ സുമേഷ് സ്‌കുളിനെ സമീപിച്ചെങ്കിലും ഡോക്ടറെ കാണിച്ചുതരാമെന്നു മാത്രമാണ് സഹായം കൊണ്ട് തങ്ങൾ ഉദ്ദേശിച്ചതെന്നുമാണ് മറുപടി ലഭിച്ചത്.സ്‌കുളിന്റെ നിഷേധ സ്വരം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സഹായത്തിനായി സംസ്ഥാന സർക്കാർ രംഗത്ത് വരുന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി ശ്രീഹരിയുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. സർക്കാറിന്റെ സഹായത്തോടെ ചൈതന്യ ആശുപത്രിയിൽ വച്ച് കുട്ടിയുടെ ഓപ്പറേഷൻ പൂർത്തിയാക്കി.ഇതോടെ കാഴ്‌ച്ച ഭാഗീകമായി തിരിച്ചുകിട്ടുകയും ചെയ്തതായും സുമേഷ് പറയുന്നു.
എന്നാൽ ഓപ്പറേഷനുശേഷമുള്ള ചികിത്സാചെലവുകൾ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഓട്ടോ ഡ്രൈവറായ സുമേഷിന് ഒറ്റയ്ക്ക് ഇത്രയും ഭാരിച്ച തുക കണ്ടെത്താനും സാധിക്കുന്നില്ല. ചികിത്സാ ബില്ലുകൾ സാമൂഹ്യ നീതി വകുപ്പിന് കൈമാറിയെങ്കിലും ഫണ്ടില്ലെന്ന് കാണിച്ച് തുക ലഭിച്ചില്ല.ലോക്ഡൗൺ വരെയുള്ള ബില്ലുകൾ വകുപ്പിൽ പെൻഡിങ്ങാണ്. അതുകൊണ്ട് തന്നെ അതിന് ശേഷമുള്ള ബില്ലുകൾ സുമേഷ് വകുപ്പിന് നൽകിയിട്ടുമില്ല.ഇതിനുപുറമെയാണ് സ്‌കുളിന്റെ നിഷേധ നിലപാടിനെതിരെ സുമേഷ് ബാലാവകാശ കമ്മീഷന് പരാതി നൽകിയത്.എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഹിയറിങ്ങിൽ കമ്മീഷനും കൈയൊഴിഞ്ഞതായി സുമേഷ് പറയുന്നു.
കമ്മീഷന്റെ നിർദ്ദേശ പ്രകാരം മ്യൂസിയം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ സംഭവത്തിൽ സ്‌കുളിന് വീഴ്‌ച്ച വന്നിട്ടില്ലെന്നാണ് വിശദീകരണം. മാത്രമല്ല സ്‌കുളിന്റെ നിലപാട് പ്രകാരം നഷ്ടപരിഹാരം എന്ന നിലയ്ക്ക് 10000 രൂപ നൽകാമെന്നും ഇതിൽ കൂടുതൽ ഒന്നും തങ്ങൾക്ക് ചെയ്യാൻ കഴിയില്ലെന്നുമാണ് ശബരിഗരി സ്‌കൂൾ മാനേജർ കമ്മീഷനു മുൻപാകെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഇതൊന്നും തന്റെ കുടുംബത്തിന് പരിഹാരമല്ലെന്നും എങ്ങിനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നുമാണ് സുമേഷ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ