നിങ്ങളുടെ കുട്ടികൾക്ക് നിങ്ങൾ ക്യത്യമായ പ്രതിരോധ കുത്തിവയ്‌പ്പ് നടത്തിയിരുന്നു. ഇല്ലാ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് വലിയൊരു പ്രതിസന്ധിയാണ് നേരിടേണ്ടിവരാൻ പോകുന്നത് കാരണം. വാക്സിനെടുക്കാത്തവർക്കെതിരെയുള്ള നടപടികൾ കൂടുതൽ കർക്കശമാക്കാനാണ് വിക്ടോറിയ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.ഇത് പ്രകാരം വാക്സിനെടുക്കാത്ത കുട്ടികൾക്ക് സ്‌കൂളുകളിലും ചൈൽഡ്കെയർ സെന്ററുകളിലും എൻ റോളിങ് അനുവദിക്കേണ്ടെന്നാണ് സ്റ്റേറ്റ് ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്.

ഇതിനായി വിക്ടോറിയയിൽ നേരത്തെ തന്നെ നിലവിലുള്ള നോ ജാബ് നോ പ്ലേ നിയമം കൂടുതൽ കടുത്ത രീതിയിൽ വ്യാപിക്കുകയാണ് ചെയ്തിരിക്കുന്നത്.പുതിയ ചട്ടങ്ങൾ അനുസരിച്ച് രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ പ്രൈമറി സ്‌കൂളിലോ അല്ലെങ്കിൽ ഡേകെയറിലോ ചേർക്കാൻ കൊണ്ടു പോകുമ്പോൾ വാക്സിനെടുത്തതിന്റെ രേഖകൾ ഹാജരാക്കേണ്ടി വരും. ഇല്ലെങ്കിൽ വാക്സിനെടുക്കുന്നതിൽ നിന്നും ഒഴിഞ്ഞ് മാറുന്നതിനെ ന്യായീകരിക്കുന്ന വിധത്തിലുള്ള ഗുരുതരമായ ആരോഗ്യ അവസ്ഥ തെളിയിക്കുന്ന രേഖകൾ കാണിക്കേണ്ടി വരും.

മുമ്പ് വാക്സിൻ വിരുദ്ധർക്ക് ഡോക്ടർമാരെ കണ്ടാൽ ഇത്തരത്തിൽ വാക്സിനിൽ നിന്ന് ഒഴിഞ്ഞ് മാറുന്നതിന് പര്യാപ്തമായ കാരണം തെളിയിക്കുന്ന മെഡിക്കൽ രേഖകൾ എളുപ്പം സംഘടിപ്പിക്കാൻ സാധിച്ചിരുന്നു.എന്നാൽ ഇപ്പോൾ പാർലിമെന്റിൽ അവതരിപ്പിച്ച പുതിയ നിയമം അനുസരിച്ച് ഇത് സംബന്ധിച്ച് നിലവിലുള്ള നിയമത്തിലെ പഴുതുകൾ അടച്ചിരിക്കുകയാണ്.

പുതിയ നിയമപ്രകാരം ജിപിമാരിൽ നിന്നോ അല്ലെങ്കിൽ മറ്റ് ഇമ്യൂണൈസേഷൻ പ്രൊവൈഡർമാരിൽ നിന്നോ ഉള്ള കത്തുകൾ ഇമ്യൂണൈസേഷൻ തെളിയിക്കുന്ന രേഖകളായി പരിഗണിക്കുന്നതല്ല. അതിന് പകരം ഓസ്ട്രേലിയൻ ഇമ്യൂണൈസേഷൻ രജിസ്ട്രറിൽ നിന്നുമുള്ള ഔദ്യോഗിക സ്റ്റേറ്റ്മെന്റ് ഹാജരാക്കേണ്ടി വരും. പുതിയ മാറ്റങ്ങൾ അനുസരിച്ച് ചൈൽഡ് കെയർ സെന്ററുകൾ സ്ഥിരമായ പരിശോധനകൾക്ക് വിധേയമാകുന്നതായിരിക്കും.