ഡബ്ലിൻ: അടിക്കടി വർധിച്ചുവരുന്ന ചൈൽഡ് കെയർ ചെലവുകൾ അമ്മമാരെ ജോലി രാജിവയ്ക്കാൻ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്. ജോലി ചെയ്തു ലഭിക്കുന്നതിനെക്കാൾ ശമ്പളം ചൈൽഡ് കെയറിനു വേണ്ടി ചെലവഴിക്കേണ്ടി വരുന്നതിനാലാണ് ജോലി ഉപേക്ഷിച്ച് അമ്മമാർ തന്നെ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. ഇത്തരത്തിൽ ഓരോ വർഷവും ജോലി ഉപേക്ഷിക്കുന്ന അമ്മമാരുടെ എണ്ണം വർധിച്ചുവരുന്നതായാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

വർഷവും മൂവായിരത്തിലധികം അമ്മമാർ ഇത്തരത്തിൽ ജോലി ഉപേക്ഷിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. പുതുതായി അമ്മമാർ ആകുന്നവർ ജോലി ഉപേക്ഷിക്കുന്നതോടെ പുതിയ റിക്രൂട്ട്‌മെന്റുകൾക്കും ട്രെയിനിംഗിനുമായി ഐറീഷ് കമ്പനികൾക്ക് ഓരോ വർഷവും 68 മില്യൺ യൂറോയുടെ അധിക ചെലവാണ് വരുത്തിവയ്ക്കുന്നതെന്നും വ്യക്തമാകുന്നു. Baby Brain Drian എന്ന പേരിൽ ഈ റീച്ച് ഇൻസൈറ്റ്‌സ് നടത്തിയ ഗവേഷണത്തിലാണ് ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന അമ്മമാരുടെ എണ്ണം വർധിക്കുന്നത് വ്യക്തമായിരിക്കുന്നത്.

സർവേയിൽ പങ്കെടുത്തവരിൽ 33,500 അമ്മമാരും പ്രസവശേഷം ഫുൾ ടൈം  ജോലിക്ക് പോകുന്നതിന് താത്പര്യമുള്ളവരാണ്. അതേസമയം 8200 ഓളം അമ്മമാരും കുഞ്ഞുങ്ങളുടെ സൗകര്യമോർത്ത് പാർട്ട് ടൈം ജോലിക്കു പോകാൻ താത്പര്യപ്പെടുന്നവരും. മാതാപിതാക്കളെ ഇപ്പോൾ ഏറെ അലട്ടുന്ന ഒരു പ്രശ്‌നമാണ് ചൈൽഡ് കെയർ ചെലവുകൾ. പരിഹാരമില്ലാതെ നിൽക്കുന്ന ഏക പ്രശ്‌നവും ഇതു തന്നെ. അതുകൊണ്ടു തന്നെ കഴിവതും ജോലി ഉപേക്ഷിച്ച് കുഞ്ഞുങ്ങളെ നോക്കാൻ അമ്മമാർ തന്നെ തയാറാകുന്ന അവസ്ഥയാണ് രാജ്യത്ത് ഭൂരിപക്ഷവും കണ്ടുവരുന്നത്.

ചൈൽഡ് കെയറിന് നികുതിയിളവുകൾ നൽകി സ്ത്രീകളെ ജോലി തുടരാൻ അനുവദിക്കുന്നതാണ് ഇതിന് പോംവഴിയെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കണ്ടെത്തണമെന്നാണ് എംപ്ലോയർമാരുടെ സംഘടന ആവശ്യപ്പെടുന്നത്. ചൈൽഡ് കെയർ പോളിസിയിൽ സർക്കാർ അഴിച്ചുപണി നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ജീവനക്കാർ പെട്ടെന്ന് കൊഴിഞ്ഞുപോകുന്നത് സ്ഥാപനങ്ങൾക്ക് അധികബാധ്യത ചുമത്തുന്നതാണെന്നും ഇത് ഒഴിവാക്കുന്ന നടപടികളാണ് സ്വീകരിക്കേണ്ടതെന്നും എംപ്ലോയർമാരുടെ സംഘടനയായ ഇബെക്ക് തലവൻ ആവശ്യപ്പെട്ടു.

രണ്ടാമത്തെയോ മൂന്നാമത്തെയോ കുട്ടി ഉണ്ടാകുമ്പോഴും ചൈൽഡ് കെയർസംബന്ധിച്ച് ഏറെ പ്രശ്‌നങ്ങൾ മാതാപിതാക്കൾക്ക് നേരിടേണ്ടി വരുന്നുവെന്നാണ് വ്യക്തമാകുന്നത്. രണ്ടാഴ്ച പെയ്ഡ് പറ്റേണിറ്റി ലീവ്, പേരന്റൽ ലീവിൽ വരുത്താൻ സാധിക്കുന്ന മാറ്റങ്ങൾ, സെക്കൻഡ് ഫ്രീ പ്രീ സ്‌കൂൾ തുടങ്ങിയവ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി ജൊവാൻ ബർട്ടൻ വെളിപ്പെടുത്തി.