ഓസ്ലോ: കുട്ടികൾക്ക് വളരാൻ പറ്റിയ മികച്ച രാജ്യങ്ങളിൽ നോർവേയും സ്ഥാനം പിടിച്ചു. കുട്ടികൾക്ക് മെച്ചപ്പെട്ട ആരോഗ്യത്തോടെയും സംതൃപ്തിയോടെയും കുഞ്ഞുങ്ങൾ ഇവിടെ കളിച്ചു വളരുന്നുണ്ടെന്നാണ് കുട്ടികൾക്കിടയിൽ നടത്തിയ സർവേ വെളിപ്പെടുത്തിയിരിക്കുന്നത്. ചെറുപ്പത്തിൽ കുട്ടികൾക്കിടയിലുള്ള അസമത്വം ഇവിടെ തീരെയില്ലെന്നാണ് സർവേയിൽ വ്യക്തമായിരിക്കുന്നത്. പതിനൊന്നിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള കുട്ടികൾക്കിടയിൽ നടത്തിയ സർവേയിലാണ് കുട്ടികൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജീവിത സംതൃപ്തി എത്രത്തോളമുണ്ടെന്നുള്ള ചോദ്യത്തിന് ഒട്ടു മിക്ക കുട്ടികളും മികച്ച റാങ്കിങ് ആണ് നൽകിയിരിക്കുന്നത്.

ഒരു ശരാശരി നോർവീജിയൻ കുട്ടിയും ജീവിത സാഹചര്യം ഏറെ മോശമായിട്ടുള്ള കുടുംബത്തിലെ കുട്ടിയും തമ്മിൽ ഏറെ അന്തരമില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ കുട്ടികൾക്കിടയിൽ സമ്പത്തിന്റെയോ ജീവിത സാഹചര്യത്തിന്റെയോ കാര്യത്തിൽ അസമത്വം ഏറെയില്ലെന്നാണ് സർവേ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടു ജീവിത സാഹചര്യത്തിൽ പെട്ട കുട്ടികളുടെ ജീവിത സംതൃപ്തിയിലുള്ള അന്തരം കുറച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന രാജ്യം കൂടിയാണ് നോർവേ. സാമ്പത്തിക ഭദ്രതയില്ലാത്തതിന്റെ പേരിൽ സ്‌കൂളിൽ നിന്നു പുറത്തു പോകാനോ ആരോഗ്യം മോശമാകാനോ സാഹചര്യമുണ്ടാകുന്നില്ല.

കുട്ടികൾക്കിടയിലുള്ള അസമത്വം ഏറെ കുറഞ്ഞിട്ടുള്ള രാഷ്ട്രം ഡെന്മാർക്കാണ്. നോർവേ, ഫിൻലാൻഡ്, സ്വിറ്റ്‌സർലണ്ട് എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. സാമ്പത്തിക അസമത്വം തീരെയില്ലാത്ത രാജ്യങ്ങളിൽ മികച്ചു നിൽക്കുന്നതും നോർവേ തന്നെയാണ്. ഇവിടെ സമ്പന്നനും ദരിദ്രനും തമ്മിലുള്ള വരുമാന ഗ്യാപ്പ് 37 ശതമാനം മാത്രമാണ്.