പത്തനംതിട്ട: കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം വൈറൽ ആയ വീഡിയോ ആണ് റാന്നി വെച്ചൂച്ചിറ കുന്നത്തുള്ള രണ്ടു സഹോദരങ്ങളുടെ സഹായ അഭ്യർത്ഥന. തങ്ങളുടെ മാതാവ് ആളു ശരിയല്ലെന്നും വിവാഹമോചനത്തിന് കേസ് കൊടുത്ത പിതാവിനെ അവരും അടുപ്പക്കാരും ചേർന്ന് കൊല്ലുമെന്നും പറഞ്ഞാണ് പത്തിലും അഞ്ചിലും പഠിക്കുന്ന പെൺകുട്ടിയും ആൺകുട്ടിയും വീഡിയോ പോസ്റ്റ് ചെയ്തത്.

മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയ അമ്മ ആളു ശരിയല്ലെന്ന് കുട്ടികൾ പറയുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നു പണം മോഷ്ടിച്ചു. അവിടുത്തെ ഡോക്ടറുമായി കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു എന്നിങ്ങനെയൊക്കെയാണ് കുട്ടികൾ പറയുന്നത്. മാതാവിന്റെ വഴിപിഴച്ച പോക്കു കണ്ട് പിതാവ് കുടുംബകോടതിയിൽ ഹർജി നൽകി. എന്നാൽ, വിവാഹം ഒഴിയുന്നതിന് ആറുലക്ഷം രൂപയാണ് മാതാവ് നഷ്ടപരിഹാരം ചോദിച്ചത്.

ഈ തുക കൊടുക്കാൻ കഴിയില്ലെന്ന് പിതാവ് അറിയിച്ചപ്പോൾ മാതാവ് കേസു കൊടുത്തു. പിതാവ് തങ്ങളെയും കൂട്ടി കുന്നത്തേക്ക് പോന്നു. ഇനിയിപ്പോൾ കേസിന്റെ അവധിയാണ്. അതിന് പിതാവിന് മലപ്പുറത്ത് പോകണം. അവിടെ വച്ച് പിതാവിനെ മാതാവിന്റെ ഇഷ്ടക്കാർ കൊല്ലും. തങ്ങൾ ഇവിടെ കഴിയുന്നത് മുത്തശിക്കൊപ്പമാണ്. തങ്ങളും സുരക്ഷിതരല്ല. എന്നിങ്ങനെയായിരുന്നു കുട്ടികളുടെ വെളിപ്പെടുത്തൽ.

അമ്മ സ്നേഹിച്ചത് തങ്ങളുടെ അച്ഛന്റെ പണമാണെന്നും അത് ഇല്ലാതായതോടെ അമ്മ വീട്ടിൽ വഴക്ക് തുടങ്ങിയെന്നും കുട്ടികൾ വെളിപ്പെടുത്തുന്നു. അച്ചമ്മയുമായി ആശുപത്രിയിൽ കിടന്ന സമത്ത് തങ്ങളുടെ അമ്മയെ ആശുപത്രിയിലെ ഡോക്ടറോടൊപ്പം കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും കുഞ്ഞുങ്ങൾ വീഡിയോയിൽ പറയുന്നു.

അമ്മയുടെ കള്ളത്തരങ്ങൾ അച്ഛനോട് പറഞ്ഞാൽ അച്ഛനെ കൊല്ലുമെന്നു അമ്മ ഭീഷണിപ്പെടുത്തിയെന്നും കുട്ടികൾ നിറകണ്ണുകളോടെ പറയുന്നു. ഇതെല്ലാം അച്ഛനോട് പറയാതിരിക്കാൻ അമ്മ തങ്ങളെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും മക്കൾ വെളിപ്പെടുത്തുന്നു. ഇതാണ് ഞങ്ങളുടെ അമ്മ എന്ന് പറഞ്ഞ് ഒരു ഫോട്ടോയും കുട്ടികൾ വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഈ കുരുന്നുകളുടെ ദയനീയാവസ്ഥയുടെ നേർക്കാഴ്ചയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവായി. നിരവധി പ്രതികരണങ്ങളാണ് കമന്റുകളായി എത്തുന്നത്. ഇതോടകം നിരവധിപ്പേർ വീഡിയോ ഷെയർ ചെയ്തു കഴിഞ്ഞു. അച്ഛനൊ ഞങ്ങൾക്കൊ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ കാരണക്കാരി ഞങ്ങളുടെ അമ്മ ആണെന്നു പറഞ്ഞ് നിറകണ്ണുകളോടെയാണ് കുട്ടികൾ വീഡിയോ അവസാനിപ്പിക്കുന്നത്. വീഡിയോ വൈറലായതോടെയാണ് ചൈൽഡ് ലൈൻ പ്രവർത്തകർ തിരക്കി ഇറങ്ങിയത്.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നിർദ്ദേശ പ്രകാരം ചൈൽഡ് റെസ്‌ക്യു ഓഫീസർമാർ റാന്നി ഗ്രാമ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും മുഖേനെ അന്വേഷണം നടത്തി കുട്ടികൾ താമസിക്കുന്ന വാടക വീടും പഠിക്കുന്ന സ്‌കൂളും കണ്ടെത്തുകയായിരുന്നു.
മലപ്പുറം സ്വദേശികളായ ഇവർ കഴിഞ്ഞ് രണ്ട് വർഷമായി റാന്നിയിൽ താമസിച്ച് വരുകയാണ്. മലപ്പുറം ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കുട്ടികളുടെ മാതാവ് കഴിഞ്ഞ ഒരു വർഷമായി കുടുംബവുമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. കുട്ടികൾക്ക് പിതാവിനൊപ്പം താമസിക്കുവാൻ താത്പര്യമെന്നാണ് അറിയിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുവാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നടപടി സ്വീകരിക്കും.