നുഷ്യർക്ക് ഭ്രാന്ത് പലതരമാണ്. കാലിഫോർണിയയിലെ ഡേവിഡ് അലൻ ടർപിന്റെയും ഭാര്യ ലൂയിസ് അന്ന ടർപ്പിന്റെയും ഭ്രാന്ത് ലോകത്ത് കേട്ടുകേൾവിയില്ലാത്തതാണ്. തങ്ങളുടെ 13 മക്കളെ വീട്ടിനുള്ളിൽ ചങ്ങലയിൽ കെട്ടിയിട്ട് വളർത്തുകയായിരുന്നു ഇവർ ഇത്രനാളും. 29 വയസ്സുമുതൽ രണ്ടുവയസ്സുവരെ പ്രായമുള്ള മക്കളുടെ ദുരിത ജീവിതം പുറംലോകമറിഞ്ഞത് 17 വയസ്സുള്ള പെൺകുട്ടി രക്ഷപ്പെട്ടതോടെയാണ്. വിവരമറിഞ്ഞെത്തിയ പൊലീസ് 57-കാരനായ ഡേവിഡിനെയും 49-കാരിയായ ലൂയിസിനെയും അറസ്റ്റ് ചെയ്യുകയും മറ്റുമക്കളെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഞായറാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പൊലീസ് അറിഞ്ഞത്. വീട്ടിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി അവിടെനിന്ന് മോഷ്ടിച്ച മൊബൈൽ ഫോണിലൂടെ പൊലീസിനെ വിളിക്കുകയായിരുന്നു. താൻ പത്തുവയസ്സുള്ള കുട്ടിയാണെന്നും തന്റെ 12 സഹോദരങ്ങൾ വീട്ടിനുള്ളിലുണ്ടെന്നുമാണ് ഇവൾ പൊലീസിനെ അറിയിച്ചത്. വീട്ടിലുള്ളതെല്ലാം കുട്ടികളാണെന്നാണ് പൊലീസും കരുതിയത്. എന്നാൽ, ഇവരിൽ ഏഴുപേർ പ്രായപൂർത്തിയായാവരാണെന്ന് കണ്ടെത്തി.

ഡേവിഡ് ടർപ്പിൻ സാൻഡ്കാസിൽ ഡേ സ്‌കൂൾ എന്ന പേരിൽ ഒരു ഹോം സ്‌കൂൾ നടത്തുന്നുണ്ടെന്നും അവിടെ അവരുടെ ആറ് കുട്ടികൾ പഠിക്കുന്നുണ്ടെന്നുമാണ് രേഖകളിലുള്ളത്. ഇത് സ്ഥീരീകരിച്ചിരുന്നില്ല.

പൊലീസ് ഞായറാഴ്ച രാവിലെ വീടടിലെത്തുമ്പോൾ പല കുട്ടികളെയും ചങ്ങലകൊണ്ട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറിയിലാകെ ദുർഗന്ധവും നിറഞ്ഞിരുന്നു. പട്ടിണികിടന്ന് അസുഖബാധിതരായ അവസ്ഥയിലായിരുന്നു ഇവർ. എല്ലാവരെയും പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽനിന്ന് വിടുന്നതനുസരിച്ച് ചൈൽഡ് പ്രൊട്ടക്ടീവ് സർവീസും അഡൽറ്റ് പ്രൊട്ടക്റ്റീവ് സർവീസും ഇവരെ ഏറ്റെടുക്കും.

കിഴക്കൻ ലോസെയ്ഞ്ചൽസിലെ റോബർട്ട് പ്രീസ്‌ലി ഡീറ്റൻഷൻ സെന്ററിലാണ് ഡേവിഡിനെയും ലൂയിസിനെയും തടവിൽ പാർപ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കും. ഇവരുടെ പേരിൽ കുട്ടികൾക്കുനേരെയുള്ള ക്രൂരതയടക്കം ഒമ്പത് കുറ്റങ്ങൾ ചുമത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു.

ഫേസ്‌ബുക്കിൽ ഇവരുടെ കുടുംബചിത്രങ്ങൾ ലഭ്യമാണ്. ലാസ് വെഗസ്സിൽനിന്നും ഡിസ്‌നി ലാൻഡിൽനിന്നുമുള്ള ചിത്രങ്ങളാണ് ഉള്ളത്. അയൽക്കാർക്കു പോലും വീട്ടിനുള്ളിൽ കുട്ടികളെ പൂട്ടിയിടുകയായിരുന്നുവെന്നത് സംബന്ധിച്ച് ധാരണയുണ്ടായിരുന്നില്ല. വീട്ടിനുള്ളിൽ കുട്ടികളുള്ളതിന്റെ സൂചനപോലും ഉണ്ടായിരുന്നില്ലെന്ന് അവർ പറയുന്നു.