- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മഹാമാരിയിൽ രാജ്യത്ത് അനാഥരായത് 9,346 കുട്ടികൾ; 4,451 കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാളെ നഷ്ടമായി; പട്ടികയിൽ ഉത്തർപ്രദേശ് മുന്നിൽ; കേരളത്തിൽ 952; ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ പട്ടിക സമർപ്പിച്ചു
ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ രാജ്യത്ത് 9,346 കുട്ടികൾ ഉപേക്ഷിക്കപ്പെടുകയോ അനാഥരാക്കപ്പെടുകയോ ഒരു രക്ഷിതാവിനെ നഷ്ടപ്പെടുകയോ ചെയ്തെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ.
മെയ് 29 വരെ വിവിധ സംസ്ഥാനങ്ങൾ സമർപ്പിച്ച വിവരങ്ങൾ പ്രകാരമാണ് കണക്കുകൾ എൻ.സി.പി.സി.ആർ. ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.
പകർച്ചവ്യാധി മൂലം 4,451 കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ടതായും 141 കുട്ടികൾക്ക് രണ്ട് മാതാപിതാക്കളെയും നഷ്ടപ്പെട്ടതായും ജസ്റ്റിസുമാരായ എൽ.എൻ.റാവു, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ പ്രത്യേകം സമർപ്പിച്ച കുറിപ്പിൽ മഹാരാഷ്ട്ര സർക്കാരും അറിയിച്ചു.
2,110 കുട്ടികളോടെ ഉത്തർപ്രദേശാണ് പട്ടികയിൽ മുന്നിലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അഭിഭാഷക സ്വരൂപമ ചതുർവേദി മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ബീഹാറിൽ 1,327, കേരളത്തിൽ 952, മധ്യപ്രദേശിൽ 712 എന്നിങ്ങനെയാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ. ബാലാവകാശ കമ്മീഷന്റെ വെബ്‌സൈറ്റായ'ബൽ സ്വരാജ്'ൽ ജൂൺ 7 വരെ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത് തുടരണമെന്നും കോവിഡ് ബാധിച്ച കുട്ടികളുടെ വിശദാംശങ്ങൾ നൽകണമെന്നും സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
കോവിഡിന്റെ കുതിച്ചുചാട്ടവും അതിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളും കണക്കിലെടുക്കുമ്പോൾ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് സത്യവാങ്മൂലത്തിൽ ബാലാവകാശ കമ്മീഷൻ പറഞ്ഞു.
സഹായം ആവശ്യമായ കുട്ടികളെ തിരച്ചറിയുകയും അനാഥരായ അല്ലെങ്കിൽ ഒരു രക്ഷിതാവിനെ നഷ്ടപ്പെട്ട സാമ്പത്തിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള സംവിധാനം വികസിപ്പിക്കുകയെന്നതാണ് ആദ്യപടിയെന്നും കമ്മീഷൻ വ്യക്തമാക്കി.
അതിനാൽ, കോവിഡ് മൂലം ദുരിതത്തിലായവരും കുടുംബ പിന്തുണയില്ലാത്തവരുമാണെന്ന് കണ്ടെത്തിയ ഓരോ കുട്ടിയെയും 2015ലെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് സെക്ഷൻ 31 പ്രകാരം ബന്ധപ്പെട്ട ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കണം. അത്തരം കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിക്കാൻ 'ബൽ സ്വരാജ്' എന്ന പോർട്ടൽ ആവിഷ്‌കരിച്ചതായി കമ്മീഷൻ അറിയിച്ചു.