ബെർലിൻ:  ബാലലൈംഗിക കേസിൽ കുറ്റ സമ്മതം നടത്തി കേസ് ഒത്തുതീർപ്പാക്കിയ സെബാസ്റ്റ്യൻ ഇടാത്തി എംപിക്ക് കോടതി നൽകിയ പിഴ തുകയായ 5000 യൂറോ കുട്ടികളുടെ ചാരിറ്റി സംഘടന നിരസിച്ചു. പ്രായപൂർത്തിയാകാത്ത ബാലന്മാരുടെ നഗ്നചിത്രങ്ങൾ താൻ കാനഡയിൽ നിന്ന് വാങ്ങിയെന്ന് കോടതിയിൽ കുറ്റസമ്മതം നടത്തിയതിനെത്തുടർന്ന് കോടതി ഇടാത്തിക്ക് പിഴ ശിക്ഷ മാത്രം നൽകുകയായിരുന്നു. എന്നാൽ ബാലലൈംഗിക കേസിലെ പ്രതിയുടെ ശിക്ഷാ പണം തങ്ങൾ സ്വീകരിക്കുകയില്ലെന്നും ഇത്തരത്തിൽ പ്രതി രക്ഷപ്പെടാൻ തങ്ങൾ ആഗ്രഹിക്കുന്നുമില്ലെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

പണം സ്വീകരിച്ചാൽ അത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങളിൽ നിന്ന് ഇത്ര നിസാരമായി ഊരിപ്പോകാമെന്ന് ഇതു തെളിയിക്കുമെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു. 60 വർഷമായി പ്രവർത്തിച്ചുവരുന്ന സംഘടന അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന കുട്ടികളുടെ സംരക്ഷണമാണ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരമൊരു കേസിൽ പിഴയായി വിധിച്ച പണം സ്വീകരിച്ചാൽ അത് സംഘടനയുടെ ലക്ഷ്യത്തിന് വിരുദ്ധമായിപോകുമെന്നും സംഘടനയുടെ ചെയർമാൻ ജോഹന്നാസ് ഷെമിഡ് അറിയിച്ചു.