തിരുവനന്തപുരം: കുട്ടികൾ മുതിർന്നവർക്കൊപ്പം സിനിമ കണ്ടിരുന്ന രീതി പൊളിച്ചെഴുതി, കുട്ടികൾക്കൊപ്പം മാതാപിതാക്കളും അദ്ധ്യാപകരും സിനിമയ്ക്കെത്തുന്ന കാഴ്ചയുമായി ആദ്യത്തെ അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. തലസ്ഥാന നഗരത്തിലെ കൈരളി, നിള, ശ്രീ, കലാഭവൻ, ടാഗോർ തിയേറ്ററുകളിലായി ഒരാഴ്ചയാണ് മേള. സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും മേളയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. ഇവർക്കുള്ള താമസസൗകര്യവും ഭക്ഷണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തിന് ഉതകുന്ന സിനിമകൾ പ്രദർശിപ്പിക്കുന്നു എന്നതാണ് ഈ ചലച്ചിത്രമേളയുടെ ഏറ്റവും വലിയ ആകർഷണം.

ഇന്നലെ രാവിലെ ഇറാനിയൻ സംവിധായകൻ മജീദി മജീദിയുടെ ചിൽഡ്രൻ ഓഫ് ഹെവൻ കൈരളി തിയേറ്ററിൽ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. ഇതുവരെ സിനിമ തിയേറ്ററിൽ കണ്ടിട്ടില്ലാത്ത ആദിവാസി ഊരുകളിൽ നിന്നുള്ള കുട്ടികൾ ചിത്രം കണ്ട് ആഹ്ലാദത്തോടെയാണ് പുറത്തിറങ്ങിയത്. ക്രിസ് കൊളമ്പസിന്റെ ഹോം എലോണും കുട്ടിപ്രേക്ഷകർക്ക് ഏറെ ഇഷ്ടമായി. വയനാട്, തിരുവനന്തപുരം ജില്ലയിലെ ഇടിഞ്ഞാർ, പത്തനംതിട്ടയിലെ നാറാണമൂഴി എന്നിവിടങ്ങളിൽ നിന്നടക്കമുള്ള ആദിവാസിവിദ്യാർത്ഥികളും സംസ്ഥാനത്തെ നിരവധി അനാഥാലയങ്ങളിൽ നിന്നുള്ള കുട്ടികളും അംഗവൈകല്യമുള്ള വിദ്യാർത്ഥികളും പങ്കെടുത്തു. തൈക്കാട് സംഗീത കോളജിലാണ് കുട്ടികൾക്കും ഒപ്പമുള്ളവർക്കും ഭക്ഷണം ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളിലേക്കും ഭക്ഷണശാലിലേക്കും പോകാൻ സൗജന്യ ഓട്ടോ സർവ്വീസും സംഘാടകസമിതി ഒരുക്കിയിട്ടുണ്ട്.

കൈരളി, ശ്രീ,നിള, ടാഗോർ തിയേറ്ററുകളിലായിരുന്നു ഇന്നലെ പ്രദർശനം. ഇന്ന് കലാഭവനിലും ഷോ ഉണ്ടായിരിക്കും. ദിവസവും നാല് ഷോയാണ് കളിക്കുന്നത്. രാവിലെ 9.15, 11.15, ഉച്ചയ്ക്ക് 2.15, വൈകുന്നേരം 6.15 എന്നിങ്ങിനെയാണ് ഷോ ടൈം. കുട്ടികളും രക്ഷിതാക്കളുമടക്കം ഏഴായിരത്തോളം പേരാണ് കാഴ്ചയുടെ വസന്തം കാണാൻ എത്തിയിരിക്കുന്നത്. കുട്ടികളുടെ 140 ചിത്രങ്ങളും ഇരുന്നൂറോളം ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും.

അന്താരാഷട്ര വിഭാഗത്തിൽ 23 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഓസ്‌ക്കാർ നോമിനേഷൻ ലഭിച്ച ഐറിഷ് ചിത്രം സോങ് ഓഫ് ദ സീ, പോർച്ചുഗൽ സിനിമ ദി ബോയ് ആൻഡ് ദ വേൾഡ്, മുഹമ്മദ് അലി തലേബി സംവിധാനം ചെയ്ത പേർഷ്യൻ സിനിമയായ ഗൗൾ എന്നിവ അന്താരാഷ്ട്ര വിഭാഗത്തിലാണ് കാണിക്കുക.