അബുദാബി: ഹോവർബോർഡു പോലെയുള്ള ഉപകരണങ്ങളുമായി കുട്ടികൾ നിരത്തിലിറങ്ങുന്നത് തടയാൻ മാതാപിതാക്കൾ മുൻകൈയെടുക്കണമെന്ന് അബുദാബിപൊലീസ്. ഇലക്ട്രിക് സ്‌കൂട്ടറുകൾ ഹോവർബോർഡുകൾ തുടങ്ങിയവയുടെ ഉപയോഗം അടിക്കടി വർധിച്ചു വരികയാണെന്നും ഇവയുമായി നിരത്തുകളിലും പബ്ലിക് റോഡുകളിലും ഇറങ്ങുന്നത് അപകടങ്ങൾ വിളിച്ചുവരുത്തുകയാണെന്ന് അബുദാബി പൊലീസിലെ ട്രാഫിക് ആൻഡ് പെട്രോൾഡ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.

അടുത്തകാലത്തായി യുഎഇലാകമാനം ഹോവർബോർഡുകളുടെ ഉപയോഗം ഏറെ വർധിച്ചിട്ടുണ്ടെന്നും ഇവ കോമ്പൗണ്ടുകൾക്കുള്ളിൽ ഉപയോഗിക്കണമെന്നും കുട്ടികളെ ഇവയുമായി പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും പൊലീസ് മാതാപിതാക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. മൊബിലിറ്റി ഉപകരണങ്ങളുമായി കുട്ടികൾ കളിക്കുന്നത് വർധിച്ചു വരുകയാണ്. കുട്ടികളെ ഇത്തരം ഉപകരണങ്ങളുമായി പൊതുനിരത്തുകളിലേക്ക് വിടുന്നത് ഏറെ ആപത്തുക്കൾക്കു വഴിവയ്ക്കും. കൂടാതെ ഈ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ ആവശ്യത്തിന് സുരക്ഷാ വസ്ത്രങ്ങൾ ധരിക്കാത്തതും അപകടങ്ങൾ വിളിച്ചുവരുത്തും.

സുരക്ഷിതമായി കളിക്കാൻ പറ്റുന്ന സാഹചര്യത്തിൽ മാത്രമേ കുട്ടികളെ ഹോവർ ബോർഡ്, ഇലക്ട്രിക് സ്‌കൂട്ടർ എന്നിവയുമായി വിടാവുള്ളൂ. അല്ലാത്ത പക്ഷേ തിരക്കേറിയ നിരത്തുകളിൽ ഇവയുമായി ഇറങ്ങുന്നത് കുട്ടികളുടെ ജീവനു തന്നെ ഭീഷണി ഉയർത്തുന്നതാണെന്ന് കേണൽ അൽ അമേരി ചൂണ്ടിക്കാട്ടി.