കുവൈറ്റ് സിറ്റി: കുട്ടികളുടെ റെസിഡൻസി വിസ പുതുക്കുന്നതിന് മാതാപിതാക്കൾ രണ്ടു പേരും കുവൈറ്റിൽ തന്നെ ഉണ്ടാകണമെന്ന നിബന്ധന കൊണ്ടുവരാൻ നീക്കം. അതേസമയം വനിതാ ഡോക്ടർമാർ, ടീച്ചർമാർ എന്നിവരെ ഈ നിബന്ധനയിൽ നിന്നും ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യവിഭാഗം വെളിപ്പെടുത്തുന്നു.

കുട്ടികളുടെ ഇഖാമ പുതുക്കാൻ മാതാവിനും പിതാവിനും ഒരേസമയം താമസാനുമതി ഉണ്ടായിരിക്കണം എന്ന നിബന്ധന വെക്കാനാണ് അധികൃതരുടെ നീക്കം. ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം ഉടൻ ഉണ്ടാകുമെന്ന് വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വനിതാ ഡോക്റ്റർമാർ, അദ്ധ്യാപികമാർ തുടങ്ങിയ ഏതാനും വിഭാഗങ്ങൾക്ക് നിബന്ധനയിൽ ഇളവുണ്ടാകും. ഭർത്താവിന്റെ അസാന്നിധ്യത്തിലും കുട്ടികളെ സ്‌പോൺസർ ചെയ്ത് കൂടെ നിർത്താൻ ഇക്കൂട്ടർക്ക് അനുമതി നൽകുമെന്നാണ് വിലയിരുത്തുന്നത്.

സ്വകാര്യമേഖലയിലുള്ളവർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ലെന്നും പറയുന്നു. അതേസമയം ആശ്രിതവിസയിലിരിക്കെ വിവാഹമോചനം നേടിയ സ്ത്രീകൾക്ക് റസിഡൻസി വിസ പുതുക്കി നൽകില്ല. കൂടാതെ വിവാഹമോചനം വിദേശത്തു വച്ചാണെങ്കിൽ കുവൈറ്റിലേക്ക് പ്രവേശനാനുമതി നൽകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.