ഡബ്ലിൻ: കുട്ടികളുടെ സംരക്ഷണം ,വിദ്യാഭ്യാസം,അവകാശങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്ന നല്ല ഉദ്ദേശത്തോടുകൂടി നവീന ഇന്ത്യ വിഭാവനം ചെയ്ത ശിശുദിനം 12 ന് കില്മന ഹാൾ ടാലയിൽ കേരളഹൗസ് തുടർച്ചയായ ആറാം വർഷവും ആഘോഷമാക്കാൻ ഒരുങ്ങുന്നു .

ഇക്കുറി ശിശു ദിന സന്ദേശം നൽകാന് അയർലണ്ടിലെ പ്രമുഖ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സുരേഷ് പിള്ളയും, പീസ് മിനിസ്ട്രി ഓഫ് അയർലണ്ട് ഡയറക്ടർ ആയ ഫാ. ജോർജ് അഗസ്റ്റിനും എത്തുന്നു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഇവരുടെ സന്ദേശങ്ങൾ കുട്ടികളിൽ ഒരു ദിശാബോധം സൃഷ്ടിക്കും എന്നു നിസ്സംശയം തന്നെ പറയാം.

കില്മന ഹാൾ ടാലയിൽ കൃത്യം 2 മണിക്ക് തന്നെ പരിപാടികൾ ആരംഭിക്കും. ശിശു ദിന റാലിക്ക് ശേഷം വേദിയിൽ എത്തുന്ന കുട്ടികൾ അയർലണ്ടിലെ വിവിധ പ്രവിശ്യകളെ പ്രധിനിധീകരിച്ചു സംസാരിക്കും. അതിനു ശേഷം ഔദ്യോഗിക പരിപാടികൾ ആരംഭിക്കും.

മലയാളം നാവിൻ തുമ്പിൽ നിന്നും നഷ്ടപെടുന്നു എന്ന സംശയങ്ങൾ ഉടലെടുക്കുന്ന ഈ കാലഘട്ടത്തിൽ കുരുന്നുകൾ വേദി പങ്കിട്ട് മാതൃ ഭാഷയിൽ ചടുലമായ പ്രസംഗങ്ങൾ കാഴ്ചവെയ്ക്കുന്ന കേരള ഹൗസ് ശിശുദിനം തികച്ചും കുട്ടികൾ പൂർണമായും നിയന്ത്രിക്കുന്ന തരത്തിൽ തന്നെയാണ് ് ഇക്കുറിയും ഒരുക്കുന്നത്.

വിവിധ തരത്തിലുള്ള കലാപ്രവർത്തനങ്ങൾ കാഴ്ചവച്ച് വേദി സജീവമാക്കാൻ എല്ലാ തവണയും നിരവധി കുട്ടികളാണ് ശിശുദിനവേദിയിൽ വന്നെത്തുന്നത്. അടിമ ചങ്ങല പൊട്ടിച്ചെറിഞ്ഞു മാനത്ത് പാറിയ ത്രിവർണ പതാകയ്ക്കു കീഴിൽ അണിനിരക്കാൻ ശിശുദിന റാലിയിൽ പങ്കെടുക്കാൻ,എല്ലാ കുരുന്നുകളെയും കേരളഹൗസ് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.