ഡബ്ലിൻ: കേരള ഹൗസ് ഒരുക്കുന്ന ശിശുദിനാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച താല കിൽമന കമ്യൂണിറ്റി സെന്ററിലാണ് ശിശുദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് നെഹ്‌റു തൊപ്പിയും വെള്ള ഉടുപ്പുമണിഞ്ഞ് നൂറുകണക്കിന് കുട്ടികൾ പങ്കെടുക്കുന്ന പരേഡ് ശിശുദിനാഘോഷത്തെ വർണാഭമാക്കും. ഗാന്ധിജി, നെഹ്‌റു തുടങ്ങിയ മഹാത്മാക്കളുടെ വേഷത്തിൽ കുട്ടികൾ പരേഡിൽ അണിനിരക്കും.

തുടർന്ന് കുട്ടികളുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അയർലന്റിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ചു കുട്ടികൾ പ്രസംഗിക്കും. ജേക്കബ് ജോയൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കലാപ്രതിഭകളായ സപ്ത രാമൻ, ദിയ ലിങ്കുവിൻസ്റ്റാർ, ചെസ് ചാമ്പ്യന്മാരായ ദിവാനോ ജോസ്, ഷാന്റോ സെൻ എന്നിവരും വിനോദ് പിള്ളയും ചേർന്ന് തിരിതെളിക്കും. വിക്ക്‌ലോ, കിൽഡയർ, ഡബ്ലിൻ തുടങ്ങിയ കൗണ്ടിങ്ങളെ പ്രതിനിധീകരിച്ചു കുട്ടികൾ ആശംസകൾ അർപ്പിക്കും. കാർണിവലിൽ നടത്തിയ പ്രദർശന ചെസ് ചാമ്പ്യൻഷിപ്പിലെയും ആർട്‌സ് കോർണറുകളിലെയും വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്യും.

തുടർന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം എന്ന വിഷയത്തിൽ സ്വോർഡ്, മലയാളം പഠനത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ ലൂക്കൻ ടീമുകളും സ്‌കിറ്റുകൾ അവതരിപ്പിക്കും. ബ്രേ ടീമൊരുക്കുന്ന ഹാസ്യ സ്‌കിറ്റുമുണ്ടാവും. പിന്നീട് മംഗളാ മ്യൂസിക് അക്കാദമിയൊരുക്കുന്ന ഗാനമേളയും ക്ലാസിക്കൽ, സിനിമാറ്റിക് ഡാൻസുകളും അരങ്ങേറും. പ്രവാസികളായ മലയാളികൾക്ക് തങ്ങളുടെ വിദ്യാഭ്യാസകാലം ഓർമപ്പെടുത്തുന്നതിനും കുട്ടികൾക്ക് ഇന്ത്യാ ചരിത്രം പരിചയപ്പെടുത്തുന്നതിനുമാണ് ശിശുദിനാഘോഷം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. പരേഡിൽ പങ്കെടുക്കുന്ന കുട്ടികൾ വെള്ള ടോപ്പണിഞ്ഞെത്തണമെന്നും അവർ കൂട്ടിച്ചേർത്തു.