തിരുവനന്തപുരം: ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനിയുടെയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിൽ ടെക്‌നോപാർക്കിൽ നടന്ന 'പുസ്തക നിറവ്' പരിപാടിയുടെ ഭാഗമായി പ്രതിധ്വനി അംഗങ്ങൾ ചേർന്ന് വാങ്ങിയ 'കുട്ടികളുടെ ലൈബ്രറി', തിരുവനന്തപുരം പൂജപ്പുരയുള്ള ജുവനൈൽ ഹോമിലുള്ള ഒബ്‌സെർവേഷൻ ഹോമിന് കൈമാറി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രകാശനം ചെയ്ത, കുട്ടികൾക്കായുള്ള 300 പുസ്തകങ്ങൾ ആണ് കുട്ടികളുടെ ലൈബ്രറിയിൽ ഉണ്ടാകുക.

2016 മെയ് 28 ന് ഉച്ചയ്ക്ക് 3 മണിക്ക് കേരളാ ജുവനൈൽ ഹോമിൽ വച്ച് നടന്ന ചടങ്ങിൽ ഒബ്‌സർവേഷൻ ഹോം ഡയറക്ടർ ഫിലോമിന, സൂപ്രണ്ട് റഷീദ ബീഗം, കൗൺസിലർ ആശ എന്നിവർ പ്രതിധ്വനിയുടെ പ്രതിനിധികളിൽ നിന്നും ലൈബ്രറി ഏറ്റു വാങ്ങി. പ്രോഗ്രാം കൺവീനർ ബിമൽ രാജ്, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, പ്രതിധ്വനി നിർവ്വാഹക സമിതി അംഗങ്ങളായ റോഷിൻ റോയ്, അജിത് അനിരുദ്ധൻ, വിനീത് ചന്ദ്രൻ, രാഹുൽ ചന്ദ്രൻ, അനൂപ് വർഗീസ് കുരിയപ്പുറം, ബാലശങ്കർ, കൃഷ്ണപ്രസാദ്, സിജ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സമൂഹത്തിൽ നിന്നും അരികുവത്കരിക്കപ്പെട്ട കുട്ടികൾക്കായി ഒരു ലൈബ്രറി ടെക്‌നോപാർക്ക് ജീവനക്കാർ സംഭാവന ചെയ്തതിൽ ഒബ്‌സെർവേഷൻ ഹോം അധികൃതർ നന്ദി രേഖപ്പെടുത്തി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'പുസ്തക നിറവ് ' പരിപാടിയുടെ ഭാഗമായി ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി ആറു ദിവസം നീണ്ട് നിന്ന കുട്ടികൾക്കുള്ള പുസ്തകങ്ങളുടെ പ്രദർശനം ടെക്‌നോപാർക്കിലെ വിവിധ കെട്ടിടങ്ങളിൽ വച്ച് നടത്തുകയുണ്ടായി. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി കിട്ടിയതുമായി ബന്ധപ്പെട്ടാണു 'പുസ്തക നിറവ്' പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രകാശനം ചെയ്ത, കുട്ടികൾക്കായുള്ള 300 ലധികം പുസ്തകങ്ങൾ പ്രദര്ശനത്തിന് ഉണ്ടായിരിന്നു. 2016 മെയ് മാസം 5 മുതൽ 12 വരെ ടെക്‌നോപാർക്കിനുള്ളിൽ നടത്തിയ പുസ്തക പ്രദർശനത്തിനും അതിനോടനുബന്ധിച്ച് ടെക്‌നോപാർക്ക് ജീവനക്കാരുടെ കുട്ടികൾക്കായി നടത്തിയ വിവിധ കലാ മത്സരങ്ങൾക്കും നല്ല പ്രതികരണമാണുണ്ടായത്.