ന്യൂജേഴ്‌സി: ചിലി തന്നെ കോപ്പയിലെ രാജാക്കന്മാർ. കഴിഞ്ഞ വർഷം നേടിയ കിരീടം കോപ്പയുടെ ശതാബ്ദി ടൂർണമെന്റിലും നിലനിർത്തിയ ചിലി, അക്ഷരാർഥത്തിൽ രാജാക്കന്മാരായി. തുടർച്ചയായ മൂന്നാം വർഷവും കിരീടമില്ലാതെ മടങ്ങുന്ന ഫുട്‌ബോളിന്റെ രാജകുമാരൻ ലയണൽ മെസ്സി ഷൂട്ടൗട്ടിൽ പെനാൾട്ടി കിക്ക് പാഴാക്കിയ മത്സരത്തിലായിരുന്നു ചിലിയുടെ വിജയം. സാന്തിയാഗോയിലെ 4-1ന് ഷൂട്ടൗട്ടിൽ നേടിയ കിരീടം യുഎസിലെ ന്യൂജേഴ്‌സിയിൽ 4-2ന് ചിലി നിലനിർത്തുകയായിരുന്നു. ഷൂട്ടൗട്ടിൽ പന്ത് പുറത്തേക്കടിച്ച ലയണൽ മെസ്സി ദുരന്തനായകനുമായി.

അത്യന്തം വിരസമായ ഫൈനൽ മത്സരത്തിൽ മുഴുവൻ സമയത്തും ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനായില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഇതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ ചിലി വിജയം ആവർത്തിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് ഒരു പ്രമുഖ ടൂർണമെന്റിന്റെ ഫൈനലിൽ അർജന്റീന തോൽവിയടയുന്നത്. 2014ൽ ബ്രസീൽ ആതിഥ്യം വഹിച്ച ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ ജർമനിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ അർജന്റീന, കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ഫൈനലിൽ ആതിഥേയരായ ചിലിയോട് ഷൂട്ടൗട്ടിൽ തോറ്റു. ചിലെയ്ക്കായി കാസ്റ്റില്ലോ മോറ, ചാൾസ് അരങ്കൂയിസ്, ഷീൻ ആന്ദ്രേ കൊളീക്യോ, ആന്ദ്രേസ് സിൽവ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ അർതുറോ വിദാലിന്റെ കിക്ക് അർജന്റീന ഗോളി രക്ഷപ്പെടുത്തി. അതേസമയം, മഷ്‌കരാനോ, സെർജിയോ അഗ്യൂറോ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മെസ്സിയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ ലക്ഷ്യംതെറ്റി പറന്നു. നാലാം കിക്കെടുത്ത ലൂക്കാസ് ബിഗ്ലിയയുടെ ഷോട്ട് ചിലെ ഗോളി ക്ലോഡിയോ ബ്രാവോ തടഞ്ഞിടുകയും ചെയ്തു.

അമേരിക്കൻ വൻകരയിലെ രണ്ടു പ്രമുഖ ശക്തികൾ പോരാടിയ മൽസരം പരുക്കൻ അടവുകൾ ഇരുടീമുകളും പുറത്തെടുത്തതോടെ അത്യന്തം വിരസമായി മാറി. ആദ്യപകുതിയിൽതന്നെ രണ്ടു ചുവപ്പുകാർഡുകൾ പുറത്തെടുത്ത ബ്രസീലിയൻ റഫറി ഹെബർ ലോപ്പസിന് ആദ്യ പകുതിയിൽ അഞ്ചു മഞ്ഞക്കാർഡുകളും പുറത്തെടുക്കേണ്ടിവന്നു. ഗോളെന്നുറപ്പിക്കാവുന്ന മൂന്ന് അവസരങ്ങൾ മാത്രമേ ഉണ്ടായുള്ളൂ എന്നതിനാൽത്തന്നെ മത്സരം എത്രത്തോളം വിരസമായിരുന്നെന്ന് വ്യക്തം. ആദ്യപകുതിയിൽ ഏക അവസരം തേടിയെത്തിയത് ഹിഗ്വയിനെ. സെമിയിൽ യുഎസ്എയ്‌ക്കെതിരെ നേടിയ രണ്ടാം ഗോളിന് സമാനമായിരുന്നു ഈ അവസരം. എതിർടീം കളിക്കാരന്റെ ബാക്ക്പാസ് പിടിച്ചെടുത്ത് മുന്നേറിയ ഹിഗ്വയിൻ ഗോളിമാത്രം മുന്നിൽ നിൽക്കെ തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി.

28ാം മിനിറ്റിൽത്തന്നെ മൽസരത്തിലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട അൽഫോൻസോ ഡയസ് റോജാസ് പുറത്തുപോയതോടെ ചിലി 10 പേരായി ചുരുങ്ങി. 43ാം മിനിറ്റിൽ ചിലെ താരം വിദാലിനെ ഫൗൾ ചെയ്‌തെന്ന് കാട്ടി അർജന്റീന താരം മാർക്കോസ് ആൽബർട്ടോ റോജോയ്ക്ക് റഫറി സ്‌ട്രൈറ്റ് ചുവപ്പുകാർഡ് നൽകിയതോടെ ഇരുടീമുകളിലും 10 പേർവീതം.രണ്ടാം പകുതിയിൽ കാർഡുകളുടെ എണ്ണം കുറഞ്ഞു. രണ്ടാം പകുതിയിൽ ആകെ വന്നത് രണ്ടു മഞ്ഞകാർഡുകൾ. കളി പക്ഷേ ഇഴഞ്ഞുതന്നെ നീങ്ങി. മെസ്സി പന്തുതൊട്ടപ്പോഴെല്ലാം ചിലി താരങ്ങൾ കൂട്ടമായെത്തി പന്തുറാഞ്ചി. മെസിയെ ലക്ഷ്യമിട്ടുണ്ടായ കടുത്ത മാർക്കിങ് തന്നെയായിരുന്നു ചിലിയുടെ തുറുപ്പുചീട്ടെന്ന് വ്യക്തം. 90 മിനിറ്റ് പിന്നിടുമ്പോഴും സമനില തുടർന്നതോടെ മൽസരം എക്‌സ്ട്രാ ടൈമിലേക്ക്.

ഇരുടീമുകൾക്കും രണ്ട് മികച്ച അവസരങ്ങൾ എക്‌സ്ട്രാ ടൈമിൽ ലഭിച്ചവെങ്കിലും അവയും ലക്ഷ്യംകണ്ടില്ല. പന്തുമായി കുതിച്ചെത്തി പുച്ച് നൽകിയ തകർപ്പൻ ക്രോസിൽ വർഗസ്സിന്റെ കിടിലൻ ഹെഡർ പാഴായി. പോസ്റ്റിലേക്ക് നീങ്ങിയ പന്ത് അർജന്റീന ഗോളി റൊമേരോ പറന്നു പിടിച്ചു. രണ്ടു മിനിറ്റിനുള്ളിൽ അതിലും മികച്ചൊരു അവസരം അർജന്റീനയും പാഴാക്കി. കോർണറിൽ നിന്നുവന്ന പന്തിൽ സെർജിയോ അഗ്യൂറോയുടെ കിറുകൃത്യം ഹെഡർ. ക്രോസ്ബാറിന് തൊട്ടുതാഴേക്കൂടി വലയിലേക്ക് പതിക്കാനൊരുങ്ങിയ പന്തിനെ കുത്തിപ്പുറത്താക്കിയ ചിലി ഗോളി ക്ലോഡിയോ ബ്രാവോ മത്സരം ഷൂട്ടൗട്ടിലേക്ക് നയിച്ചു. ഷൂട്ടൗട്ടിൽ അർജന്റീനയുടെ കിക്കുകൾ തടഞ്ഞിട്ട് ചിലിയെ കഌഡിയോ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.