ഴാമത് ഖത്തർ സംസ്‌കൃതിയുടെ സി വി ശ്രീരാമൻ സ്മാരക കഥാപുരസ്‌കാരം നേടിയ ബീനയെ റിയാദ് ചില്ല അഭിനന്ദിച്ചു. ചില്ലയിലെ അംഗം കൂടിയായ ബീനയുടെ 'സെറാമിക് സിറ്റി' എന്ന ചെറുകഥയാണ് പുരസ്‌കാരത്തിന് അർഹമായത്. കാഞ്ഞങ്ങാട് സ്വദേശിനിയായ ബീന 19 വർഷമായി സൗദി അറേബ്യയിൽ അദ്ധ്യാപികയാണ്. ഇപ്പോൾ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ സീനിയർ സെക്കൻഡറി അദ്ധ്യാപികയായി ജോലി ചെയ്യുന്നു.

തീരെ ചെറിയ ചിലർ ജീവിച്ചതിന്റെ മുദ്രകൾ, ഒസ്സാത്തി എന്നീ നോവലുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഡി ഡി ബുക്‌സ് പ്രസിദ്ധീകരിച്ച ഒസ്സാത്തി അതിന്റെ വിഷയപ്രസക്തിയാൽ ഏറെ ചർച്ചചെയ്യപ്പെട്ട കൃതിയാണ്. ഖത്തർ, യു എ ഇ, സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ എന്നീ ജി സി സി രാജ്യങ്ങളിൽ നിന്നുമായി 62 കഥകളാണ് മത്സരത്തിന് ഉണ്ടായിരുന്നത്.

സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ അശോകൻ ചരുവിൽ, സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ. പി. രാജഗോപാലൻ, ചെറുകഥാകൃത്തും നോവലിസ്റ്റുമായ അഷ്ടമൂർത്തി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്. 50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. നവംബർ 20 നു വെള്ളിയാഴ്ച വൈകീട്ട് 5.30നു സൂം മീറ്റിങ് വഴി നടക്കുന്ന സംസ്‌കൃതി കേരളോത്സവം പരിപാടിയിൽ വെച്ച് പുരസ്‌കാര സമർപ്പണം നടക്കും. ജൂറി അംഗങ്ങൾ പരിപാടിയിൽ സംബന്ധിക്കും.