കുറ്റവാളികൾക്ക് വിട്ട് വീഴ്ചയില്ലാത്ത ശിക്ഷാവിധികൾ നടപ്പിലാക്കുന്ന കാര്യത്തിൽ ചൈന ഇതിന് മുമ്പ് തന്നെ വിവാദങ്ങളിൽ നിറഞ്ഞ് നിന്നിട്ടുണ്ട്. ഇപ്പോഴിതാ ഐസിസിന്റെ കടുത്ത ശിക്ഷാരീതികൾ കണ്ട് പഠിച്ച് നടപ്പിലാക്കിയതിന്റെ പേരിൽ ചൈന വീണ്ടും വിമർശിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോടതി ഉത്തരവ് പ്രകാരം പത്ത് ക്രിമിനലുകളെ ഐസിസിനെ അനുകരിച്ച് പരസ്യമായി വെടി വച്ച് കൊന്നിരിക്കുകയാണ് ചൈന. കോടതി ഉത്തരവ് വന്നയുടൻ ശിക്ഷ നടപ്പിലാക്കിയത് ആയിരങ്ങളെ സാക്ഷിയാക്കിയാണെന്നും റിപ്പോർട്ടുണ്ട്.

രണ്ട് ചൈനീസ് കോടതികളുടെ ഉത്തരവ് പ്രകാരം 10 കുറ്റവാളികളെയാണ് ഇത്തരത്തിൽ ജനസഹസ്രത്തെ സാക്ഷിയാക്കി പരസ്യമായി വെടി വച്ച് കൊന്നിരിക്കുന്നത്. ശനിയാഴ്ച നടന്ന ഈ കൂട്ടക്കൊലയ്ക്ക് ചെറിയ കുട്ടികൾ പോലും ദൃക്‌സാക്ഷികളായെത്തിയിരുന്നു. മയക്കുമരുന്ന് കച്ചവടക്കാർ, കൊലപാതകികൾ, കവർച്ചക്കാർ തുടങ്ങിയവർ ഈ പത്ത് കുറ്റവാളികളിൽ ഉൾപ്പെടുന്നു. സതേൺ ചൈനയിലെ ഗ്വാൻഗ്‌ഡോൻഗ് പ്രവിശ്യയിലെ ലുഫെൻഗിലുള്ള എക്‌സിക്യൂഷൻ ഗ്രൗണ്ടിൽ വച്ചായിരുന്നു കൂട്ട വധശിക്ഷ നടപ്പിലാക്കിയിരുന്നത്. ജൂണിന് ശേഷം ഇത് മൂന്നാം തവണയാണ് ഇത്തരത്തിൽ പൊതുജനമധ്യത്തിൽ വച്ചുള്ള വധശിക്ഷക്ക് ഗ്വാൻഗ്‌ഡോൻഗ് കോടതികൾ ഉത്തരവിട്ടിരിക്കുന്നത്.

കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്നും ജനത്തെ പിന്തിരിപ്പിക്കുന്നതിനും മുന്നറിയിപ്പേകുന്നതിനുമാണ് ഇത്തരത്തിൽ പരസ്യമായി വധശിക്ഷയേകിയിരിക്കുന്നതെന്നാണ് ലോക്കൽ ലീഗൽ അഥോറിറ്റി ഇതിനെ ന്യായീകരിക്കുന്നത്. എന്നാൽ ഈ സംഭവം മനുഷ്യത്വരാഹിത്യവും മനുഷ്യത്വത്തെ അപമാനിക്കുന്നതുമാണെന്നാണ് ചൈനീസ മാധ്യമങ്ങൾ വിമർശിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 9.30ന് ലുഫെൻഗിലെ ഡോൻഗായ് ടൗണിലെ സ്പോർട്സ് സ്‌റ്റേഡിയത്തിൽ വച്ചായിരുന്നു ഈ കൂട്ടക്കുരുതി നിർവഹിച്ചിരുന്നത്. ശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് ന്യായാധിപന്മാർ ഇവിടെയെത്തി ഇവർ ചെയ്ത കുറ്റത്തെക്കുറിച്ചും നടപ്പിലാക്കുന്ന ശിക്ഷയെക്കുറിച്ചും ജനം കേൾക്കാൻ വേണ്ടി ഉച്ചത്തിൽ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

ഷാൻവെയ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി, ലുഫെൻഗ് പീപ്പിൽസ് കോടതി എന്നീ നീതിപീഠങ്ങൾ അന്നേ ദിവസം 12 പേർക്കാണ് ശിക്ഷ നടപ്പിലാക്കാൻ വിധിച്ചിരുന്നത്.ഇവരിൽ 10 പേർക്കാണ് വധശിക്ഷയേകിയിരിക്കുന്നത്. ഇവരിൽ ഏഴ് പേരെ മയക്കുമരുന്ന കച്ചവടം ചെയ്തതിനാണ് വധിച്ചിരിക്കുന്നത്. മറ്റുള്ളവർ കൊലപാതകം, കവർച്ച എന്നിവ ചെയ്തതിന്റെ പേരിലാണ് വധശിക്ഷയേറ്റ് വാങ്ങിയിരിക്കുന്നത്. ഈ ക്രൂരമായ ശിക്ഷ നടപ്പിലാക്കലിന്റെ ദാരുണമായ വീഡിയോ പുറത്ത് വന്നിരുന്നു. കുറ്റവാളികളെ കോടതി വാഹനങ്ങളിൽ ഒന്നിന് പുറകെ ഒന്നായാണ് സ്റ്റേഡിയത്തിലേക്ക് കൊണ്ടു വന്നിരുന്നത്. ഇവർക്ക് ഇവിടെ വച്ച് പരസ്യ ശിക്ഷ നടപ്പിലാക്കുന്ന കാര്യം ഡിസംബർ 12 ലുഫെൻഗ് കോടതി പുറത്തിറക്കിയ പബ്ലിക്ക് നോട്ടീസിലൂടെ വെളിപ്പെടുത്തിയിരുന്നു. ശിക്ഷ കാണാൻ സ്റ്റേഡിയത്തിലേക്കെത്താൻ ജനത്തോട് ഈ നോട്ടീസിലൂടെ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.