ബീജിങ്: യുദ്ധങ്ങൾ തടയാനും ചാരപ്രവർത്തികൾക്ക് തടയിടാനും പ്രയോജനപ്പെടുന്ന തരത്തിൽ ഭൗമാന്തരീക്ഷത്തിൽ പരീക്ഷണത്തിനായി ചൈനയും റഷ്യയും കൈകോർക്കുന്നു. ഭൗമാന്തരീക്ഷത്തിൽ നടത്തുന്ന മാറ്റങ്ങൾ മൂലം സാറ്റലൈറ്റ് കമ്യൂണിക്കേഷൻ താറുമാറാക്കാൻ സാധിക്കുമെന്നതിനാൽ് ചാരവൃത്തി തടയാനും യുദ്ധങ്ങൾ ഒഴിവാക്കാനും ഇതു സഹായിക്കുമെന്നാണ് കരുതുന്നത്. ഭൂമിക്കു മുകളിൽ പ്രത്യേക മേഖലയിൽ അണുകണങ്ങൾ വ്യാപിപ്പിച്ചാണ് ഇത്തരത്തിൽ മേലാപ്പ് തീർക്കുന്നത്. ഇത്തരത്തിൽ അണുകണങ്ങൾ വ്യാപിക്കുന്നതിനാൽ സാറ്റലൈറ്റ് വിനിമയം താറുമാറാകും.

മുമ്പ് യൂറോപ്പിന്റെ മുകളിലുള്ള അന്തരീക്ഷത്തിലെ വായു ഘടനയെ മാറ്റിമറിക്കുന്ന വിധത്തിൽ പരീക്ഷണങ്ങൾ നടത്തിയ രാജ്യങ്ങളാണ് ചൈനയും റഷ്യയും. ഇരുരാജ്യങ്ങളും സംയുക്തമായാണ് ഈ പരീക്ഷണം നടത്തിയതും. ഇതേ സാങ്കേതിക വിദ്യ കൂടുതൽ വിപുലമായി ഭൗമാന്തരീക്ഷത്തിൽ പരീക്ഷിക്കാനാണ് പുതിയ നീക്കം.

കിഴക്കൻ യൂറോപ്പിന്റെ മുകളിൽ 310 മൈൽ ചുറ്റളവിൽ പുതിയ പരീക്ഷണം നടത്താനാണ് ഇരുരാജ്യങ്ങളും ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് ആദ്യം റഷ്യയിലെ ഒരു ചെറുപട്ടണമായ വാസിൽസുർക്കിനു മുകളിൽ നടത്തിയപ്പോൾ മറ്റു മേഖലകളേക്കാൾ പത്തു മടങ്ങ് വൈദ്യുതി പ്രസരണം അനുഭവപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. അന്തരീക്ഷത്തിനു മുകളിലുള്ള അയണൈസ്ഡ് ഗ്യാസിന്റെ താപനില നൂറു ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർത്തിയാണ് പരീക്ഷണം നടത്തിയത്. ഇതിന്റെ ഫലമായി 260 മെഗാവാട്ട് മൈക്രോവേവുകൾ (ഒരു ചെറിയ പട്ടണത്തിൽ പ്രകാശം പരത്താൻ ഇതുധാരാളം) ഉത്പാദിപ്പിക്കപ്പെടുകയും അത് അന്തരീക്ഷത്തിലേക്ക് അയയ്ക്കുകയും ചെയ്യുകയായിരുന്നു.

എന്നാൽ ചൈനയുടേയും റഷ്യയുടെ സംയുക്തസംരംഭത്തിനെതിരേ പരിസ്ഥിതി പ്രവർത്തകർ മുന്നോട്ടുവന്നിട്ടുണ്ട്. ഭൗമാന്തരീക്ഷത്തിൽ വരുത്തുന്ന മാറ്റങ്ങൾ കാലാവസ്ഥാ വ്യതിയാനങ്ങൾ വരുത്തുമെന്നും ഇത് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. എന്തിനേറെ മനുഷ്യന്റെ തലച്ചോറിനെ വരെ ബാധിക്കുന്ന തരത്തിൽ ദോഷങ്ങൾ വരുമെന്നാണ് ഇവർ പറയുന്നത്. നേരത്തെ ശീതയുദ്ധ കാലത്ത് ഇതേ രീതിയിലുള്ള പരീക്ഷണവുമായി അമേരിക്കയും സോവ്യറ്റ് യൂണിയനും രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ചൈന ഈ മേഖലയിൽ അതിന്റെ ഇരട്ടി സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചിരിക്കുന്നത്.