ബെയ്ജിങ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്കില്ലെന്ന് ചൈന. കശ്മീർ വിഷയത്തിൽ ഇടപെടാൻ ചൈന ഒരുങ്ങുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്. സ്ഥാപിത താത്പര്യം സംരക്ഷിക്കാനാണ് ചൈന കശ്മീർ വിഷയത്തിൽ ഇടപെടാൻ ഒരുങ്ങുന്നതെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ പേരിൽ കശ്മീർ വിഷയത്തിലുള്ള നിലപാടിൽ മാറ്റം വരുത്തില്ലെന്ന് ചൈനീസ് വിദേശ മന്ത്രാലയം വാർത്താ ഏജൻസിയോട് പറഞ്ഞു.

കശ്മീർ വിഷയത്തിൽ ചൈനയുടെ നിലപാട് വ്യക്തവും സുസ്ഥിരവുമാണ്. ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകണം. മേഖലയുടെ പുരോഗതിയും സമാധാന അന്തരീക്ഷവും മുന്നിൽക്കണ്ട് ഭിന്നതകൾ മാറ്റിവച്ച് ഇരുരാജ്യങ്ങളും ചർച്ചകൾ സജീവമാക്കണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.

കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടുന്നതിനെ ഇന്ത്യ എക്കാലത്തും എതിർത്തിരുന്നു. അതിനിടെയാണ് ചൈന പ്രശ്നത്തിൽ ഇടപെടാൻ ഒരുക്കമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. സാമ്പത്തിക ഇടനാഴിക്കുവേണ്ടി വൻതുകയുടെ നിക്ഷേപം നടത്തിയിട്ടുള്ള ചൈന സ്വന്തം താത്പര്യം സംരക്ഷിക്കാൻ കശ്മീർ വിഷയത്തിൽ ഇടപെടാൻ ഒരുങ്ങുന്നുവെന്നായിരുന്നു ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട്.