ബീജിങ്: ഇനി ചൈനീസ് ദമ്പതികൾക്ക് ധൈര്യമായി രണ്ടു കുട്ടികൾക്ക് ജന്മം കൊടുക്കാം. ഒരു കുട്ടിയിൽ കൂടുതലുണ്ടെന്ന കാരണത്താൽ പല സർക്കാർ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന പേടിയും വേണ്ട. പതിറ്റാണ്ടുകളായി ചൈനയിൽ നിലനിന്നിരുന്ന സർക്കാർ നയത്തിനാണ് ഇപ്പോൾ അന്ത്യമായിരിക്കുന്നത്. ബീജിംഗിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലു ദിവസം നീണ്ട യോഗത്തിലാണ് പുതിയ തീരുമാനമായത്. സർക്കാർ ന്യൂസ് ഏജൻസിയായ സിൻഹുവയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ദമ്പതികൾക്ക് ഒരു കുട്ടി മാത്രം മതിയെന്ന നിലപാടിലായിരുന്നു പതിറ്റാണ്ടുകളായി രാജ്യം. ചൈനയുടെ സാമ്പത്തിക മുന്നേറ്റത്തിന് ഒറ്റക്കുട്ടി നയം പ്രധാനപങ്കുവഹിക്കുന്നുണ്ടെന്നാണ് വർഷങ്ങളായി അധികൃതർ വാദിച്ചിരുന്നത്. എന്നാൽ പതിറ്റാണ്ടുകളായി തുടർന്നുപോരുന്ന ഒറ്റക്കുട്ടി നയം മൂലം ചൈനയുടെ ജനംഖ്യയിൽ യുവത്വത്തിന്റെ പ്രസരിപ്പ് കുറയുന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഇതു മാറ്റാൻ സർക്കാർ നിർബന്ധിതമായിരിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയിൽ ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി 1979- മുതലാണ് ഒറ്റക്കുട്ടി നയം പിന്തുടർന്നു പോന്നിരുന്നത്. ഇതു മൂലം ഇപ്പോൾ രാജ്യത്ത് യുവാക്കളുടെ എണ്ണത്തേക്കാൾ വയോധികരുടെ എണ്ണമാണ് വർധിച്ചിരിക്കുന്നത് എന്നതാണ് ചൈനയെ മാറ്റിചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചതും. ഒറ്റക്കുട്ടി നയത്തിലൂടെ 40 കോടി ജനനങ്ങൾ തടയാൻ കഴിഞ്ഞുവെന്നായിരുന്നു ചൈനയുടെ അവകാശവാദം.

രണ്ടാമതും കുട്ടികളുണ്ടാവുന്ന ദമ്പതികൾക്കെതിരെ കർശന നടപടികളാണ് ചൈനീസ് അധികൃതർ സ്വീകരിച്ചിരുന്നത്. പിഴ, ജോലിയിൽ നിന്നും പിരിച്ചുവിടൽ, നിർബന്ധിത ഗർഭഛിദ്രം, സർക്കാർ ആനുകൂല്യങ്ങൾ തടയുക തുടങ്ങിയ കഠിന ശിക്ഷകൾ രണ്ടു കുട്ടികളുള്ള ദമ്പതികൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ പിന്നീട് ചില പ്രവിശ്യകളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. ദമ്പതികളിൽ ഒരാൾ കുടുംബത്തിലെ ഒറ്റക്കുട്ടിയാണെങ്കിൽ അയാൾക്ക് രണ്ട് കുട്ടികൾ ആവാം എന്നും രണ്ടു വർഷം മുമ്പ് നിയമഭേദഗതിയും ഉണ്ടായിരുന്നു.