ബെയ്ജിങ് :ചൈനീസ് സൈന്യത്തിന്റെ കഴിവിനെ കുറിച്ച് അബദ്ധ ധാരണകൾ വച്ചു പുലർത്തരുതെന്ന് ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. അങ്ങനെ എന്തെങ്കിലും ചിന്താഗതി ഇന്ത്യയ്ക്കുണ്ടെങ്കിൽ അത് മാറ്റി വയ്ക്കുന്നതായിരിക്കും നല്ലതെന്നും ചൈന താക്കീത് നൽകി.അതിർത്തി എന്ത് വില കൊടുത്തും ചൈന സംരക്ഷിക്കുമെന്ന് സിക്കിം ഡോക്കലാ മേഖലയിലെ ഇന്ത്യൻ സൈനിക വിന്യാസത്തെ ഉദ്ധരിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവും ഇൻഫർമേഷൻ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ വു ഖിയാൻ പറഞ്ഞു.

ഇന്ന് രാവിലെ ബെയ്ജിങിലായിരുന്നു ചൈനീസ് പ്രതിരോധ വകുപ്പിന്റെ പ്രകാപനപരമായ പത്രസമ്മേളനം.'പർവ്വതം ഇളക്കിയാലും പീപ്പിൾസ് ലിബറേഷൻ ആർമിയെ ഇളക്കുന്നത് അസാദ്ധ്യമാണ്. ചൈനയുടെ പരമാധികാരവും അതിർത്തിയും കാക്കുന്ന കാര്യത്തിൽ ഞങ്ങളെപ്പോഴും ശക്തരാണ്'-വു ഖിയാൻ പറഞ്ഞു.ഡോക്കലാം ചൈനയുടെ അതിർത്തിയാണ്. അവിടേക്കുള്ള ഇന്ത്യയുടെ കടന്നു കയറ്റം അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും ,ഇന്ത്യ തെറ്റ് തിരുത്താനുള്ള പ്രായോഗിക കാര്യങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും അതിർത്തിയിൽ സമാധാനം പുന;സ്ഥാപിക്കാൻ പ്രകോപനപരമായ തീരുമാനങ്ങൾ ഒഴിവാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

സിക്കിം ഡോക്കലാ മേഖലയെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ചൈനയുടെ പുതിയ അഭിപ്രായ പ്രകടനം.ജൂൺ 16ന് ദോക് ലായിൽ ചൈനീസ് സേന നടത്തുന്ന റോഡ് നിർമ്മാണം ഇന്ത്യൻ സേന തടഞ്ഞതോടെയാണ് ഇവിടെ തർക്കം ഉടലെടുത്തത്. അന്നുമുതൽ ഇരുസേനകളും നേർക്കുനേർ നിൽക്കുന്ന സംഘർഷ സ്ഥിതിയാണ്. തന്ത്രപ്രധാനമായ ദോക് ലാ മേഖലയിൽ റോഡ് നിർമ്മിക്കുന്നത് ഇന്ത്യയെ ലക്ഷ്യമിട്ടാണെന്നാണു വാദം. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാൽ, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പൂർണമായി വിഛേദിക്കാൻ വരെ അവർക്കു സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്നാണു റോഡുനിർമ്മാണം തടയാൻ ഇന്ത്യൻ സേന തീരുമാനിച്ചത്.