വാഷിങ്ടൺ: യുഎസ് ചാരവലയം ചൈന തകർത്തതായി വെളിപ്പെടുത്തൽ. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ മുൻ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

2010-12 കാലഘട്ടത്തിലാണ് സംഭവം. അന്ന് 18 സിഐഎ ചാരന്മാരെ ചൈന കൊല്ലുകയും ഏതാനും പേരെ ജയിലാക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

2010 മുതൽ ചൈനീസ് സർക്കാരിന് അകത്തെ വിവരങ്ങൾ സിഐഎക്ക് ലഭിക്കാതായെന്നും 2011 മുതൽ അമേരിക്കയ്ക്ക് വിവരം നൽകിയിരുന്നവർ അപ്രത്യക്ഷരാകാൻ തുടങ്ങിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങൾ കൊണ്ട് ഒരുക്കിയ അമേരിക്കൻ ചാരവലയത്തെ കുറിച്ച് ചൈനയ്ക്ക് അറിവു ലഭിച്ചത് എങ്ങനെയെന്ന് സിഐഎയ്ക്ക് ഇപ്പോഴും കൃത്യമായ അറിവില്ലെന്നും റിപ്പോർട്ട് പറയുന്നു.

അമേരിക്കൻ ചാരന്മാരെ കൃത്യമായി തിരഞ്ഞുപിടിക്കാൻ ചൈനയ്ക്ക് സിഐഎയുടെ അകത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ ഉദ്യോഗസ്ഥർ പറയുന്നു. അല്ലെങ്കിൽ സിഐഎ വെബ്സൈറ്റ് ചൈന ഹാക്ക് ചെയ്തിരിക്കാമെന്നും ഇവർ സംശയം പ്രകടിപ്പിച്ചു.
ചാരവലയം തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സിഐഎയും എഫ്ബിഐയും സംയുക്തമായി അന്വേഷണം നടത്തിയിരുന്നു. ഹണി ബാഡ്ജർ എന്നായിരുന്നു അന്വേഷണത്തിന്റെ രഹസ്യകോഡ്.

ഒരു മുൻ സിഐഎ ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയായിരുന്നു ഹണി ബാഡ്ജർ അന്വേഷണം മുന്നേറിയതെന്നും എന്നാൽ ഇദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ വേണ്ട തെളിവുകൾ ലഭിച്ചില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു. ഇദ്ദേഹം ഇപ്പോൾ മറ്റൊരു ഏഷ്യൻ രാജ്യത്താണ് കഴിയുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

2013ഓടെ ചൈനയിൽ യുഎസ് ചാരന്മാർ പിടികൂടപ്പെടുന്ന സാഹചര്യം ഇല്ലാതായെന്നും സിഐഎ പുതിയ ചാരവലയം രൂപീകരിച്ചെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു. വർഷങ്ങളായി അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിൽ ശക്തമായ 'ചാരയുദ്ധം' നിലനിൽക്കുന്നുണ്ട്. എന്നാൽ, അപൂർവമായി മാത്രമേ ഇക്കാര്യം പുറംലോകം അറിഞ്ഞിട്ടുള്ളൂ.

2015ൽ ആയിരക്കണക്കിന് അമേരിക്കൻ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചൈന ഹാക്ക് ചെയ്ത് പുറത്തുവിട്ടതിനെ തുടർന്ന് സിഐഎ ഉദ്യോഗസ്ഥരെ ബെയ്ജിങ്ങിലെ യുഎസ് എംബസിയിൽ നിന്ന് തിരിച്ചുവിളിച്ചിരുന്നു.