ബീജിങ്: കോപ്പിയടി വീരന്മാർക്ക് ഭീഷണി ഉയർത്തിക്കൊണ്ട് ചൈനയിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. കോപ്പിയടി ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ട് നവംബർ ഒന്നു മുതൽ നിയമം നടപ്പാകും. ഏഴു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി കോപ്പിയടിയെ പ്രഖ്യാപിച്ചു.

കോപ്പിയടി വഞ്ചനാ കുറ്റമാണെന്നും ഇതു പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കൾക്കും കനത്ത ശിക്ഷ നൽകുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മുമ്പ് പരീക്ഷകളിൽ കോപ്പിയടിക്കുക, മറ്റു തട്ടിപ്പുകൾ നടത്തുക തുടങ്ങിയവയ്ക്ക് യൂണിവേഴ്‌സിറ്റികൾ താക്കീത് നൽകുകയോ അയോഗ്യരാക്കുകയോ ചെയ്യുകയായിരുന്നു പതിവ്. എന്നാൽ അത്യാധുനിക സംവിധാനങ്ങൾ നിലവിൽ വന്നതോടെ കോപ്പിയടി വ്യാപകമായി തീർന്നിരിക്കുകയാണ് വിദ്യാർത്ഥികൾക്കിടയിൽ.

ജൂലൈയിൽ ചൈനയിലെ ഗാൻഗ്‌ഡോഗ് പ്രവശ്യയിൽ ഒൻപത് വഞ്ചനാ കുറ്റം അടക്കം 14 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദേശീയ വ്യാപകമായി ചൈന നടത്തുന്ന എൻട്രൻസ് ടെസ്റ്റായ ഗാവോക്കാവോ പരീക്ഷയ്ക്ക് കോപ്പിയടി തടയുന്നതിനായി രാജ്യം വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കുന്നത്. കഴിഞ്ഞ വർഷം ഈ പരീക്ഷയിൽ 10 മില്യൺ വിദ്യാർത്ഥികളാണ് പങ്കെടുത്തിരുന്നത്. ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്നതാണ് ഈ എൻട്രൻസ് ടെസ്റ്റ്. ഇത്തരത്തിൽ കോപ്പിയടി തടയുന്നതിന് നിയമഭേദഗതി നടത്തിയതിനാൽ ഭാവിയിൽ അർഹതപ്പെട്ടവർക്ക് അവസരം കൈവരുമെന്നു തന്നെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.