ഭീകരരെ സഹായിക്കുന്ന നിലപാട് തുടർന്നാൽ പാക്കിസ്ഥാനുള്ള സഹായം നിർത്തിവെക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, പാക്കിസ്ഥാന് പിന്തുണയുമായി ചൈനയെത്തിയത് ഇന്ത്യയെ സമ്മർദത്തിലാഴ്‌ത്തുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണെന്ന് ഉറപ്പായിരുന്നു. പാക്കിസ്ഥാനുമായി ചേർന്ന് ഇന്ത്യക്കുമേൽ സമ്മർദം ശക്തമാക്കുകയെന്ന ചൈനീസ് തന്ത്രം വീണ്ടും ശക്തിപ്രാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇറാനിലെ ചബഹാർ തുറമുഖത്തിന് സമീപം പാക്കിസ്ഥാൻ മണ്ണിൽ സൈനിക താവളം ഒരുക്കാൻ ചൈന ഭൂമി സ്വന്തമാക്കി.

ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും ചേർന്നാണ് ഛബഹാർ തുറമുഖം നിർമ്മിക്കുന്നത്. ചൈനയുടെ രണ്ടാമതത്തെ വിദേശ സൈനിക താവളമായിരിക്കും പാക്കിസ്ഥാനിൽ നിർമ്മിക്കുകയെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തന്ത്രപ്രധാനമായ മേഖലയെന്നതി നെക്കാൾ, കടലിലൂടെയുള്ള നീക്കങ്ങൾ കൂടി മുന്നിൽക്കണ്ടുകൊണ്ടാണ് ഈ നീക്കം എന്ന് വ്യക്തമാണ്.