ന്യൂഡൽഹി: മുംബൈ ആക്രമണത്തിനും പത്താൻകോട്ട് ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽപെടുത്താനുള്ള യുഎൻ നീക്കത്തിനു തിരിച്ചടി. യുഎസ്, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്താൻ ഇന്ത്യ കൊണ്ടുവന്ന നിർദ്ദേശം അധികാരത്തോടെ ചൈന എതിർത്തു. അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ വസ്തുതാപരവും രേഖാമൂലവുമുള്ള തെളിവില്ലെന്നാണു ചൈനയുടെ വാദം.

മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനും ഇയാളുടെ സംഘടനയായ ജെയ്ഷെ മുഹമ്മദിനെ നിരോധിക്കാനും ഇന്ത്യ യു.എന്നിൽ നടത്തുന്ന ശ്രമങ്ങൾക്ക് ചൈന കുറെക്കാലമായി തടയിടുകയാണ്. യു.എൻ സുരക്ഷാ കൗൺസിലിലെ വീറ്റോ അധികാരം ഉപയോഗിച്ചാണ് ചൈന ഇത് ചെയ്യുന്നത്.

അസ്ഹറിനെ ഭീകരരുടെ പട്ടികയിൽപെടുത്തി വിലക്കേർപ്പെടുത്താനുള്ള ശ്രമം ആദ്യം ഇന്ത്യയുടെ ഭാഗത്തുനിന്നാണു വന്നത്. 2016 ജനുവരിയിൽ പഠാൻകോട്ട് വ്യോമത്താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണമായിരുന്നു ഇന്ത്യയെ ഇതിനു പ്രേരിപ്പിച്ചത്. തുടർന്നു യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഈ നീക്കത്തിനു പിന്തുണ നൽകിയതോടെ എതിർപ്പുമായി ചൈന രംഗത്തുവന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ അവർ തടസ്സവാദം ഉന്നയിച്ചതിനെത്തുടർന്ന് ആറുമാസത്തേക്കു മാറ്റിവച്ചു. അതിനുശേഷം സാങ്കേതിക കാരണങ്ങളാൽ ഇതു രണ്ടു മാസത്തേക്കുകൂടി നീട്ടി. ഈ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണു നിലപാടിൽ മാറ്റമില്ലെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയത്.

പാക്കിസ്ഥാനും ഭീകരാക്രമണങ്ങളുടെ ഇരയാണെന്നും ഭീകരതയ്‌ക്കെതിരായ പാക്കിസ്ഥാന്റെ നീക്കങ്ങൾക്കു ചൈനയുടെ ശക്തമായ പിന്തുണയുണ്ടെന്നുമാണ് ചൈനയുട വാദം .