തിരുവനന്തപുരം: ജനാധിപത്യത്തിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാർ ആദ്യം അധികാരത്തിലുള്ള നാടാണ് കേരളം. അതുകൊണ്ട് തന്നെ കേരളത്തെ ചൈനയെന്നും ആവേശത്തോടെയാണ് നോക്കി കാണുന്നത്. നിലവിലും പിണറായി വിജയനാണ് കേരളത്തിൽ അധികാരത്തിലുള്ളത്. വികസന സ്വപ്‌നങ്ങളുമായി കേരളത്തിൽ കമ്മ്യൂണിസ്റ്റ് തുടർഭരണമാണ് പിണറായിയുടെ ലക്ഷ്യം. ഇതിന് ഒരു കൈ സഹായവുമായി ചൈന എത്തുകയാണ്.

ഭവന നിർമ്മാണം, പൊതുഗതാഗത സംവിധാനം, തടയണ നിർമ്മാണം, കൃഷി എന്നീ മേഖലകളിൽ കേരളത്തിന് സാങ്കേതിക സഹായം നൽകാമെന്ന് ചൈന വാഗ്ദാനം ചെയ്യുകയാണ്. ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ലുവോ ചാഹൂ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച് പ്രാഥമിക ധാരണയായി. വിശദമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചൈനീസ് പ്രതിനിധി നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ സമർപ്പിച്ച ശേഷം മുഖ്യമന്ത്രി ഡൽഹിയിൽ ചൈനീസ് പ്രതിനിധികളുമായി വീണ്ടും ചർച്ച നടത്തും. അങ്ങനെ കേരളവുമായി എല്ലാ അർത്ഥത്തിലും സഹകരിക്കാനാണ് ചൈനയുടെ തീരുമാനം. ഇതിന്റെ ഭാഗമായിരുന്നു അംബാസിഡറുടെ തിരുവനന്തപുരം സന്ദർശനം.

കേരളവുമായി വിവിധ മേഖലകളിൽ സഹകരണത്തിനുള്ള ധാരണക്ക് അവസാന രൂപം നൽകുന്നതിന് ഇവിടെ നിന്ന് പ്രതിനിധി സംഘത്തെ ചൈനയിലേക്ക് അയക്കണമെന്ന അംബാസിഡറുടെ നിർദ്ദേശം മുഖ്യമന്ത്രി സ്വീകരിച്ചു. പ്രാഥമിക ചർച്ചകൾ പൂർത്തിയായ ശേഷം ചൈനയിലേക്ക് പ്രതിനിധി സംഘം പോകും. നാലു മേഖലകളിലെയും സഹകരണത്തിന് ചൈനക്ക് സന്തോഷമാണെന്നും കേരള പ്രതിനിധി സംഘം ചൈന സന്ദർശിക്കുമ്പോൾ തീരുമാനമെടുക്കാൻ കഴിയുമെന്നും അംബാസിഡർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം പ്രത്യേകം ചൈനയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

വൈദ്യുതി മന്ത്രിയായിരിക്കെ 1997-ൽ ചൈന സന്ദർശിച്ച അനുഭവം മുഖ്യമന്ത്രി പങ്കുവെച്ചു. ഇപ്പോഴത്തെ ക്ഷണവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ സഹകരണത്തിനുള്ള വഴി ഈ സന്ദർശനത്തിലൂടെ സാധ്യമാകും. കേരളത്തിന്റെ വികസനത്തിന് ചൈനീസ് മോഡൽ പ്രയോഗിക്കാൻ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വികസന വിഷയത്തിൽ കേരളത്തിൽ ചൈനയുടെ സജീവ ഇടപെടലാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. കെഎസ് ആർ ടിസിയെ കരകയറ്റാൻ ഉൾപ്പെടെ വിവിധ വിഷയങ്ങളിലാണ് പിണറായി ചൈനയുടെ സഹായം ഗുണകരമാകുമെന്ന് കരുതുന്നത്.

ഇപ്പോൾ ഡീസൽ ഉപയോഗിച്ച് ഓടിക്കുന്ന കെഎസ്ആർടിസി ബസുകൾ ഇലക്ട്രിക് ബസ്സുകളാക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രി ചൈനീസ് അംബാസഡറുടെ മുമ്പിൽ വെച്ചു. കെഎസ്ആർടിസിയുടെ ആറായിരം ബസ്സുകളും ഘട്ടംഘട്ടമായി ഇലക്ട്രിക് ബസുകളാക്കാനാണ് ഉദ്ദേശിക്കുന്നത്. ചെലവ് ഗണ്യമായി കുറയ്ക്കാൻ അതുവഴി കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. റബ്ബർ ഉപയോഗിച്ച് തടയണകൾ നിർമ്മിക്കുന്ന സാങ്കേതിക വിദ്യ ചൈന വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് കേരളത്തിൽ ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ റബ്ബർ ഉൽപ്പാദനത്തിന്റെ 90 ശതമാനവും കേരളത്തിൽ നിന്നാണ്.

കേരളത്തിൽ വീടില്ലാത്ത അഞ്ചുലക്ഷത്തോളം കുടുംബങ്ങൾക്ക് അഞ്ചുവർഷം കൊണ്ട് വീട് നിർമ്മിച്ചുനൽകാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രീ-ഫാബ്രിക്കേറ്റഡ് നിർമ്മാണ രീതി ഉപയോഗിക്കുകയാണെങ്കിൽ ചെലവ് കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയും. ഇക്കാര്യത്തിൽ ചൈനീസ് സാങ്കേതിക വിദ്യ ഉപയോഗിക്കാൻ സർക്കാരിന് താൽപ്പര്യമുണ്ട്. കൃഷി രീതികൾ നവീകരിക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും ജൈവ കൃഷി രീതി പ്രോത്സാഹിപ്പിക്കാനും സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്.

കാർഷിക മേഖലയിൽ വലിയ നേട്ടമുണ്ടാക്കിയ ചൈനയുടെ വൈദഗ്ധ്യവും പരിചയവും കേരളത്തിന് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.