ബെയ്ജിങ്: പാക്കിസ്ഥാൻ-ചൈന ബന്ധം ഉലയുന്നതിന്റെ സൂചന നൽകി ചൈനീസ് മാധ്യമം.പാക്കിസ്ഥാനെ ഭീകരതയുടെ വിളനിലമെന്ന്വിശേഷിപ്പിച്ച്‌ ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് രംഗത്തെത്തി.സുരക്ഷയുടെ കാര്യത്തിൽ പാക്കിസ്ഥാന്റെ അവസ്ഥ മോശമാണെന്നും പാക്കിസ്ഥാൻ തീവ്രവാദികളുടെ വിഹാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഈ അവസ്ഥ മേഖലയിലെ ചൈനീസ് പദ്ധതികൾക്ക് ഭീഷണിയാണെന്നും ഗ്‌ളോബൽ ടൈംസ് സൂചിപ്പിക്കുന്നു. ബലൂചിസ്താനിൽ രണ്ട് ചൈനിസ് പൗരന്മാരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചതിനെത്തുടർന്ന് പാക്കിസ്ഥാൻ-ചൈന ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അസ്താനയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിനോട് സംസാരിക്കാൻ പോലും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് വിസമ്മതിച്ചിരുന്നു.ഇന്ത്യൻ പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദിയോടു പോലും സൗഹൃദം പങ്കിട്ടപ്പോഴായിരുന്നു ഉറ്റ സുഹൃത്തുക്കളായ പാക്കിസ്ഥാനോടുള്ള ഈ അവഗണന.ചൈനയുടെ അതൃപ്തി മനസ്സിലാക്കിയ പാക്കിസ്ഥാൻ പിന്നീട് അവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയുണ്ടായി.ഇതിന്റെ ഭാഗമായി രാജ്യത്തെ ചൈനീസ് പൗരന്മാരുടെ സുരക്ഷ വർദ്ധിപ്പിക്കാൻ 4,200 പേർ അംഗങ്ങളായ പ്രത്യേക സുരക്ഷാ വിഭാഗത്തിനും പാക്കിസ്ഥാൻ രൂപം നൽകി.എന്നാൽ അതൊന്നും ചൈനയുടെ ക്രോധം ശമിപ്പിച്ചിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

വൺ റോഡ് വൺ ബെൽറ്റ് പദ്ധതിക്കായി വലിയ നിക്ഷേപമാണ് പാക്കിസ്ഥാനിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കുകയും മധ്യേഷ്യൻ പ്രതിസന്ധികളിൽ നിന്ന് മാറിനിൽക്കുകയും ചെയ്യുന്നതിനാലാണ് ഭീകരവാദ ഭീഷണികൾ ചൈനീസ് പൗരന്മാർക്ക് നേരെ ഉണ്ടാകാത്തതെന്നും ഗ്ലോബൽ ടൈംസിന്റെ വാർത്തയിൽ പറയുന്നുണ്ട്.