- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുതലാളിത്ത ലോകത്തിന്റെ തലതൊട്ടപ്പനാകാൻ കമ്യൂണിസ്റ്റ് ചൈന; സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് വിപണികൾ കൂടുതൽ തുറന്നുകൊടുക്കും; ചൈനയുടെ എക്കാലത്തേയും കരുത്തനായ നേതാവായി ഷി ചിൻപിങ്; ആറാം പ്ലീനം സമീപിക്കുമ്പോൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലും പ്രസിഡന്റ് ഷീയുടെ തിരുവായ്ക്ക് എതിർ വായില്ല
ബീജിങ്: ബൂർഷ്വയെ തോൽപ്പിക്കാൻ ബൂർഷ്വയുടെ അപ്പനാകണം എന്നത് മുരളീഗോപി എഴുതിയ ഒരു സിനിമയിലെ ഡയലോഗാണ്. എന്നാല്, ആഗോളതലത്തിലെ ഇപ്പോഴത്തെ കാര്യങ്ങൾ പരിശോധിക്കുമ്പോൾ ആ ഡയലോഗിന് അർത്ഥതലങ്ങൾ വീണ്ടും കൂടുതയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ എതിരാളികൾ ഇല്ലാത്ത വ്യക്തിത്വമായ ഷി ചിൻപിങ് ഇപ്പോൾ ഇരട്ടക്കരുത്തു നേടിയിരിക്കയാണ്.
ഷി ചിൻ പിങ്ങാണ് ചൈനയിൽ ആദ്യത്തെയും അവസാനത്തെയും വാക്കെന്നു പ്രഖ്യാപിച്ചാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിസി) 19ാം കേന്ദ്ര കമ്മിറ്റിയുടെ ആറാം പ്ലീനം സമാപിച്ചത്. തീർത്തും മുതലാളിത്ത പാതയിലേക്കാണ് പാർട്ടിയുടെ പോക്കെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പിങ് തന്റെ സാമ്പത്തിക നയം പ്രഖ്യാപിച്ച്. രാജ്യത്തിന്റെ പ്രസിഡന്റും പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായി ഷി തുടരുന്നതിനുള്ള വഴികൾ നേരത്തെ തീരുമാനിച്ചതാണ്. പ്ലീനം പാസാക്കിയ 'ചരിത്രപരമായ പ്രമേയ'ത്തിന്റെ ഉള്ളടക്കത്തിൽനിന്ന് പുറത്തുവന്നിട്ടുള്ള വിവരങ്ങളനുസരിച്ച്, ആ തീരുമാനം അടിവരയിട്ടു പറയുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്.
1921 ൽ രൂപംകൊണ്ട കമ്യൂണിസ്റ്റ് പാർട്ടി നൂറ്റാണ്ടു തികയ്ക്കുന്ന വേളയ്ക്കായി 2 ലക്ഷ്യങ്ങളാണ് മുന്നോട്ടുവച്ചത്: ഒന്ന് 2021 ന് അകം മിതമായി അഭിവൃദ്ധിയുള്ള സമൂഹമാകുക; രണ്ട് 2049 ന് അകം, പൂർണമായി വികസിച്ചതും സമ്പന്നവും ശക്തവുമായ രാഷ്ട്രമാകുക. ആദ്യ ലക്ഷ്യം കൈവരിച്ചുവെന്നാണ് വിലയിരുത്തൽ. ദേശീയ പുനരുജ്ജീവനം എന്ന ചൈനീസ് സ്വപ്നത്തിലേക്കാണ് പാർട്ടി ഇനി പോകുക.
സാമ്പത്തിക രംഗത്ത് വൻ പദ്ധതികളാണ് പിങിന്റെ മനസ്സിലുള്ളത്. വിപണികൾ തുറന്നു കൊടുക്കുക എന്നതാണ് ഇതിൽ പ്രധാനമായ ഒരു കാര്യം. പാർട്ടി പ്രമേയം പാസാക്കിയ ദിവസം തന്നെയാണ് 21 രാജ്യങ്ങളുടേതായ ഏഷ്യപസിഫിക് സാമ്പത്തിക സഹകരണ (എപിഇസി) കൂട്ടായ്മയുടെ സിഇഒ ഉച്ചകോടിയിൽ ഷി മുഖ്യപ്രഭാഷണം നടത്തിയത്. ആഗോള വിപണിയുടെയും സാമ്പത്തിക വളർച്ചയുടെയും കാര്യത്തിൽ തന്റെ ചിന്തയെന്തെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പരമാവധി മേഖലകൾ തുറക്കാൻ രാജ്യങ്ങൾ തയാറാവണം, വ്യാപാര, നിക്ഷേപ മേഖലകൾ കൂടുതൽ ഉദാരമാക്കണം, ചൈന വിദേശ മുതൽ മുടക്ക് അനുവദിക്കാത്ത മേഖലകളുടെ പട്ടിക ചുരുക്കും. കാർഷിക, ഉൽപാദന മേഖലകൾ പൂർണമായി തുറന്നുകൊടുക്കും, സേവന മേഖല തുറന്നുകൊടുക്കുന്നതിലും ഉദാര സമീപനത്തിലേക്കാണ് അദ്ദേഹം കടക്കുന്നതെന്ന് വ്യക്തമാണ്. സ്വദേശി, വിദേശി ബിസിനസ് സംരംഭങ്ങൾക്ക് തുല്യപരിഗണന നൽകുന്ന വിധത്തിൽ ചൈനയെ സാമ്പത്തികമായി ഒന്നാം നമ്പർ ആക്കാൻ ഉറപ്പിച്ചു ത്നെയാണ് പിങിന്റെ നീക്കങ്ങൾ.
ചൈന ഇപ്പോൾ പുരോഗതിയുടെ പാതയിലാണെന്നാണ് പ്ലീനം വിലയിരുത്തിയത്. ്വയം പരിഷ്കരിക്കാനും സംശുദ്ധി നിലനിർത്താനും പാർട്ടിക്കുള്ള ശേഷി ഗണ്യമായി മെച്ചപ്പെട്ടു. പാർട്ടി സംഘടനകളിലെ അലസവും ദുർബലവുമായ ഭരണരീതികളെന്ന പ്രശ്നം പരിഹരിച്ചു കണ്ടു അഴിമതിക്കെതിരായ പോരാട്ടവുമായി മുന്നോട്ടു പോകാനും സാധിച്ചു. സാമ്പത്തിക വളർച്ച കൂടുതൽ സന്തുലിതവും ഏകോപിതവും സുസ്ഥിരവുമായെന്നും പ്ലീനം വിലയിരുത്തി.
രൂപീകൃതമായി 100 വർഷമായെങ്കിലും പാർട്ടി അതിന്റെ നല്ല കാലത്തിലാണെന്ന് പ്രമേയം വിലയിരുത്തുന്നു. എന്താണ് പാർട്ടിയെന്നും അതിന്റെ ലക്ഷ്യം എന്തെന്നും മറന്നുപോകരുതെന്നാണ് പ്രമേയം പാർട്ടി അംഗങ്ങളോടു നിർദ്ദേശിക്കുന്നത്. ആദർശങ്ങളും ബോധ്യങ്ങളും നഷ്ടപ്പെടരുത്, പാർട്ടിയുടെ ലക്ഷ്യത്തോട് കൂറു പുലർത്തണം. മിതത്വം പാലിക്കണം, അഹങ്കരിക്കരുത്, കഠിനമായി അധ്വാനിക്കണം. പാർട്ടിയുടേതായ അച്ചടക്കവും സംശുദ്ധിയും മെച്ചപ്പെടുത്തുന്നതിലും അഴിമതിക്കെതിരെ പോരാടുന്നതിലും പ്രതിബദ്ധത വേണം. മൗലിക വിഷയങ്ങളിൽ, ദുരന്തമാകാവുന്ന തരം തെറ്റുകൾ വരുത്തുന്നില്ലെന്ന് ഉറപ്പാക്കണം. പാർട്ടി പൂർണമായിത്തന്നെ ജനങ്ങളുമായി മെച്ചപ്പെട്ട ബന്ധം നിലനിർത്തണമെന്നുമാണ് പ്ലീനം പ്രമേയത്തിൽ പറയുന്നത്.
കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി പദവി തുടർച്ചയായി 2 തവണ എന്ന വ്യവസ്ഥ 2018 ൽ നീക്കം ചെയ്തപ്പോൾ തന്നെ ചൈനയുടെ ഭാവിചരിത്രം ഷി ചിൻപിങ്ങിന് (68) ചുറ്റുമാകുമെന്ന് വ്യക്തമായിരുന്നു. മാവോ സെ ദുങ്ങിനു ശേഷമുള്ള ഏറ്റവും പ്രമുഖ നേതാവ് എന്ന ഷിയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു സമ്മേളനം. പാർട്ടിയുടെ 100 വർഷത്തെ ചരിത്രത്തിൽ മൂന്നാം തവണയാണ് 'ചരിത്രപരമായ പ്രമേയം' പാസാക്കാൻ പ്ലീനം വിളിച്ചുചേർത്തത്. മുൻപ് 1945 ൽ മാവോയുടെ അധീശത്വം സ്ഥാപിക്കുന്നതിനും 1981 ൽ മാവോയിസത്തെ തള്ളി ഡെങ്ങിന്റെ പരിഷ്കാരങ്ങൾക്കു പിന്തുണ പ്രഖ്യാപിക്കുന്നതിനുമാണ് സമാനമായ സമ്മേളനം നടന്നത്.
സമ്മേളനത്തിൽ പൊളിറ്റ് ബ്യൂറോയ്ക്കു വേണ്ടി ഷി ചിൻപിങ്ങ് പ്രവർത്തന രേഖ അവതരിപ്പിച്ചു. തുടർന്ന് പ്രമേയത്തിന്റെ ഉള്ളടക്കത്തെപ്പറ്റിയും സംസാരിച്ചു. അടുത്ത വർഷം പകുതിയോടെ ബെയ്ജിങ്ങിൽ നടത്താനിരിക്കുന്ന പാർട്ടി കോൺഗ്രസിനെപ്പറ്റിയും ചർച്ച നടന്നു. 370 നേതാക്കൾ പങ്കെടുത്തു. പാർട്ടിയുടെ ചരിത്രവും നേട്ടങ്ങളും അടങ്ങുന്ന പ്രമേയം അംഗീകരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ