- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾ അവധി ദിവസങ്ങളിൽ മാത്രം ഓൺലൈൻ ഗെയിം കളിച്ചാൽ മതി; അതും രാത്രി എട്ട് മുതൽ ഒമ്പത് വരെ ഒരുമണിക്കൂർ മാത്രം; അമിത ഉപയോഗം തടയാൻ നിയമം കർശനമാക്കി ചൈന
ബീജിങ്: ചൈനയിൽ പറഞ്ഞാൽ പറഞ്ഞതാണ്. അനുസരണയാണ് ഭരണകൂടം ആവശ്യപ്പെടുന്നത്. അത് മുതിർന്നവരായാലും, കുട്ടികളായാലും. കുട്ടികളിലെ അമിത ഗെയിം ഉപയോഗം നിയന്ത്രിക്കാൻ കർശന നിയമം കൊണ്ടുവന്നിരിക്കുകയാണ് ആ രാജ്യം. ഇനിമുതൽ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും മാത്രമേ ഓൺലൈൻ ഗെയിം കളിക്കാൻ അനുമതിയുണ്ടാകൂ. അതും ദിവസം ഒരു മണിക്കൂർ മാത്രം. രാത്രി എട്ട് മുതൽ ഒമ്പത് വരെയാണ് കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം.
ചൈനയിലെ നാഷണൽ പ്രസ് ആൻഡ് പബ്ലിക്കേഷൻ അഡ്മിനിസ്ട്രേഷനാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. നിശ്ചയിച്ചിരിക്കുന്ന സമയത്തല്ലാതെ കുട്ടികൾക്ക് ഗെയിം കിട്ടാതിരിക്കാൻ നടപടി സ്വീകരിക്കാൻ ഗെയിം കമ്പനികൾക്ക് അധികൃതർ നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നറിയാൻ പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കുറച്ച് കാലമായി കുട്ടികളിലെ ഗെയിം ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിവരികയായിരുന്നു ചൈന. കുട്ടികൾക്ക് പ്രതിദിനം 90 മിനിറ്റും അവധി ദിവസങ്ങളിൽ മൂന്നു മണിക്കൂറും മാത്രമേ മാത്രമേ ഓൺലൈൻ ഗെയിം ലഭ്യമാക്കാവൂ എന്ന് ചൈന നേരത്തെ നിയന്ത്രണം കൊണ്ടുവന്നിരുന്നു. രാത്രിയിൽ 10 മണിക്കും രാവിലെ എട്ടുമണിക്കും ഇടയിൽ കുട്ടികൾ ഗെയിം കളിക്കുന്നത് തടയുന്നതിന് ചൈനയിലെ മുൻനിര ഗെയിം കമ്പനിയായ ടെൻസെന്റ് പ്രത്യേക 'ഫേഷ്യൽ റെക്കഗ്നിഷൻ' സംവിധാനം അവതരിപ്പിക്കുകപോലും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ