ബെയ്ജിങ്: ബഹിരാകാശ നിലയത്തിന് മേൽ നിയന്ത്രണം നഷ്ടമായതോടെ ഉടൻ നിലംപതിക്കുമെന്ന് റിപ്പോർട്ട്. ചൈനയുടെ ടിയാൻഗോംഗ് -1 ബഹിരാകാശ നിലയം ഉടൻ ഭൂമിയിലേക്ക് പതിക്കുമെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയത്. മാസങ്ങൾക്കുള്ളിൽ തന്നെ ഇത് ഭൂമിയിലേക്ക് പതിക്കുമെന്നുമാണ് ചൈനീസ് ബഹിരാകാശ ഗവേഷകരുടെ നിരീക്ഷണം. 8500 കിലോയിലധികം ഭാരം വരും ഈ ബഹിരാകാശനിലയത്തിന്.

2011 ലാണ് സ്വപ്ന പദ്ധതിക്ക് സ്വർഗീയ മാളിക' എന്നർത്ഥം വരുന്ന ടിയാൻഗോംഗ് എന്ന പേരു നൽകി ചൈന ബഹിരാകാശത്ത് അയച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു സമാനമായി മാസങ്ങളോളം ബഹിരാകാശത്ത് തങ്ങി പരീക്ഷണം നടത്താനുതകുന്നതായിരുന്നു ടിയാൻഗോംഗ്. 2022 ഓടെ നിലയം പ്രവർത്തന സജ്ജമാക്കുകകയായിരുന്നു ചൈനീസ് ഗവേഷകരുടെ ലക്ഷ്യം. ഇതിനിടെയാണ് ബഹിരാകാശ നിലയവുമായുള്ള ബന്ധം ഗവേഷകർക്ക് നഷ്ടമായത്. നിയന്ത്രണം പുനഃസ്ഥാപിക്കാൻ പലതവണ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനെ തുടർന്ന് പണി പാളിയ'കാര്യം അവർ ലോകത്തിനു മുന്നിൽ തുറന്നുസമ്മതിച്ചു.

ഈ വർഷം ഒക്ടോബറിനും 2018 ഏപ്രിലിനുമിടയിൽ എപ്പോൾ വേണമെങ്കിലും ചൈനയുടെ സ്വർഗീയ മാളിക ഭൂമിയിലെത്തും. ഭൂമിയിൽഎത്തുമ്പോഴേക്കും മിക്കഭാഗങ്ങളും കത്തിത്തീരുമെങ്കിലും 100 കിലോയോളം വരുന്ന ഭാഗങ്ങൾ ഭൗമോപരിതലത്തിൽ പതിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.