- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തയ്വാനെ ആക്രമിക്കാൻ സന്നാഹങ്ങളുമൊരുക്കി ചൈന; യുദ്ധ സന്നാഹങ്ങളെ വെളിപ്പെടുത്തി യുഎസ്-ചൈന സാമ്പത്തിക സുരക്ഷാ അവലോകന കമ്മീഷൻ റിപ്പോർട്ട്; യു എസ് നിലപാട് വ്യക്തമാക്കിയതോടെ ചൈനയെ ചെറുക്കാൻ ഉറച്ച് തായ്വാനും
ബെയ്ജിങ്ങ് : തായ്വാനെ ആക്രമിക്കാൻ സർവ്വസന്നാഹങ്ങളുമൊരുക്കി ചൈന.വിഷയത്തിൽ അമേരിക്ക നിലപാട് വ്യക്തമാക്കിയതോടെയാണ് ചൈന തങ്ങളുടെ മുന്നൊരുക്കങ്ങൾ ശക്തമാക്കിയത്.നിലവിൽ ഒരു യുദ്ധത്തിന് വേണ്ട സന്നാഹങ്ങളെല്ലാം ചൈനയുടെ പക്കലുണ്ടെന്ന് യുഎസ്-ചൈന സാമ്പത്തിക സുരക്ഷാ അവലോകന കമ്മീഷൻ റിപ്പോർട്ട് ചെയ്യുന്നു.
'തായ്വാനെതിരെ വ്യോമ, നാവിക ഉപരോധം, സൈബർ ആക്രമണം, മിസൈൽ ആക്രമണം എന്നിവ നടത്തുന്നതിന് ആവശ്യമായ കഴിവുകൾ പിഎൽഎ (പീപ്പിൾസ് ലിബറേഷൻ ആർമി) ഇതിനകം നേടിയിട്ടുണ്ട്.പാർട്ടിക്കും പ്രസിഡന്റിനും ദേശീയ സുരക്ഷയും സാമ്പത്തിക ഉപദേശവും നൽകാൻ നിയുക്ത ഏജൻസിയെയും ഒരുക്കി കഴിഞ്ഞു.
പിഎൽഎയുടെ നിലവിലെ കടലും എയർ ലിഫ്റ്റ് ശേഷിയും കുറഞ്ഞത് 25,000 സൈനികരെയെങ്കിലും തായ്വാനിൽ ലാൻഡിങ് സേനയെ വിക്ഷേപിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.യുഎസിന് സൈനികമായി ഇടപെടാനോ രാഷ്ട്രീയമായി ഇടപെടാനോ കഴിയില്ലെന്ന് വിശ്വസിക്കുന്നെങ്കിൽ ചൈന തായ്വാൻ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് കമ്മീഷൻ ചുണ്ടിക്കാട്ടുന്നു.
പരമ്പരാഗത സൈനിക ഗതാഗതത്തിന് പുറമെ - തായ്വാൻ കടലിടുക്കിലൂടെയോ മറ്റെവിടെയെങ്കിലുമോ സൈനികരെ എത്തിക്കുന്നതിന് ബാർജുകൾ, ഫെറികൾ, മറ്റ് സിവിലിയൻ കപ്പലുകൾ എന്നിവ ഉപയോഗിച്ച് ചൈനീസ് സൈനിക പരിശീലനം നടക്കുന്നതായും സൂചനയുണ്ട്.തായ്വാൻ മെയിൻ ലാൻഡ് പ്രദേശത്തിന്റെ അനിയന്ത്രിതമായ വിപുലീകരണമല്ലാതെ മറ്റൊന്നുമല്ലെന്ന് ചൈന കണക്കാക്കുന്നു. 1979 വരെ ദ്വീപ് ജനാധിപത്യത്തിന്റെ സ്വയംഭരണാവകാശം യുഎസ് അംഗീകരിച്ചിരുന്നു.
വിഷയത്തിൽ കഴിഞ്ഞ ദിവസം അമേരിക്ക നിലപാട് വ്യക്തമാക്കിയിരുന്നു.തായ്വാന്റെ കാര്യത്തിൽ നിലവിൽ തുടരുന്ന സ്ഥിതി മാറ്റാൻ ചൈന ഏകപക്ഷീയമായി ഇടപെടരുതെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. തായ്വാനെ ഉപയോഗിച്ച് അമേരിക്ക നടത്തുന്ന കളി, തീക്കളിയാകുമെന്നും തീകൊണ്ടു കളിക്കുന്നവർ കരിഞ്ഞുപോകുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ മറുപടി. ഇരുനേതാക്കളും തമ്മിൽ നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിലായിരുന്നു ഈ അടി- തിരിച്ചടി. വാണിജ്യം, നയതന്ത്രം, മനുഷ്യാവകാശം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.
ജനാധിപത്യഭരണകൂടം നിലവിലുള്ള തായ്വാനെ സ്വന്തം പ്രവിശ്യയായിട്ടാണു ചൈന കണക്കാക്കുന്നത്. വേണ്ടിവന്നാൽ ബലംപ്രയോഗിച്ചു തായ്വാനെ ചൈനയോടു കൂട്ടിച്ചേർക്കുമെന്നു വ്യക്തമാക്കിയിട്ടുമുണ്ട്. അമേരിക്ക ഔദ്യോഗികമായി ചൈനയെയാണ് അംഗീകരിക്കുന്നതെങ്കിലും ആയുധമടക്കം നല്കി തായ്വാനെ ശക്തമായി പിന്തുണയ്ക്കുന്നു.
തായ്വാൻ വിഷയത്തിൽ ചൈന നടത്തുന്ന ഇടപെടലുകൾ മേഖലയിലെ സമാധാനവും സ്ഥിരതയും ഇല്ലാതാക്കുമെന്നു ബൈഡൻ ചൂണ്ടിക്കാട്ടിയതായി വൈറ്റ്ഹൗസ് അറിയിച്ചു. സ്വാതന്ത്ര്യത്തിനായി തായ്വാൻ അമേരിക്കയുടെ പിന്തുണ തേടുന്നുണ്ടെന്നും അമേരിക്കയിലെ ചില നേതാക്കൾ തായ്വാനെ ചൈനയെ നേരിടാനുള്ള ഉപകരണമാക്കുകയാണെന്നും ഷി കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങൾ അത്യന്തം അപകടകരമാണ്. തീകൊണ്ടു കളിക്കുന്നതിനു തുല്യമാണത്. തീകൊണ്ടു കളിക്കുന്നവർ കരിഞ്ഞുപോകുമെന്നും ഷി മുന്നറിയിപ്പു നല്കി.
സിൻജിയാംഗ് പ്രവിശ്യ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ ചൈന നടത്തുന്ന മനുഷ്യാവകാശവിരുദ്ധ നടപടികൾ ബൈഡൻ ചൂണ്ടിക്കാട്ടി. വാണിജ്യ സാന്പത്തിക മേഖലകളിൽ ചൈന സ്വീകരിക്കുന്ന ന്യായവിരുദ്ധ നയങ്ങളിൽനിന്ന് അമേരിക്കൻ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് കന്പനികളെ അടിച്ചമർത്താൻ ദേശീയസുരക്ഷയെ ആയുധമാക്കുന്ന അമേരിക്കയുടെ രീതി അവസാനിപ്പിക്കണമെന്നു ഷി മറുപടി നല്കി.
അതേസമയം ചൈനീസ് അധിനിവേശത്തെ ചെറുക്കാൻ യുദ്ധവിമാനങ്ങൾ ഒരുക്കി തായ്വാൻ. എഫ് 16 ഫൈറ്റർ ജെറ്റുകൾ വിന്യസിച്ചു. വ്യാഴാഴ്ച ചിയായിയിലെ വ്യോമസേനാ താവളത്തിൽ 64 നവീകരിച്ച എഫ്-16 വി യുദ്ധവിമാനങ്ങൾ തായ്വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ കമ്മീഷൻ ചെയ്തു.അമേരിക്കൻ സഹായത്തോടെയാണ്, പുതിയ യുദ്ധവിമാനങ്ങൾ തായ്വാൻ രംഗത്തിറക്കിയിരിക്കുന്നത്.
ഒക്ടോബർ 1നും 4നും ഇടയിൽ, തായ്വാന്റെ മുൻ എയർ ഡിഫന്സ് ഐഡന്റിഫിക്കേഷൻ സോണിലേക്ക് കടന്ന് ചൈനീസ് എയർക്രാഫ്റ്റുകൾ സൈനിക അഭ്യാസം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിക്കാനുള്ള നീക്കങ്ങൾ തായ്വാന്റെ ഭാഗത്തു നിന്നുണ്ടായത്. ന്യൂക്ലിയർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള എച്ച്6 ബോംബർ വിമാനങ്ങളടക്കമായിരുന്നു ചൈനയുടെ പ്രകടനം.
'മാതൃരാജ്യത്തിന്റെ കൂടിച്ചേരലിനായുള്ള ചരിത്രപരമായ ദൗത്യം നിറവേറപ്പെടണം' എന്ന പ്രസിഡന്റ് ഷീ ജിൻ പിങിന്റെ പ്രസംഗത്തിന് പിന്നാലെയാണ് തായ്വാനിലേക്ക് ചൈനീസ് സേനയുടെ കടന്നുകയറ്റമുണ്ടായത്. എന്നാൽ ബീജിങ്ങിന്റെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ വീഴില്ലെന്ന് തായ്വാൻ പ്രസിന്റ് സായ് ഇംഗ്-വെൻ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ