- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾ മോശമായി പെരുമാറിയാലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാലും ശിക്ഷ മാതാപിതാക്കൾക്ക്; നിയമം പാസാക്കാൻ ചൈനീസ് സർക്കാർ; 'വില്ലന്മാരാകുന്ന' കുട്ടികളുടെ മാതാപിതാക്കൾക്കായി സർക്കാറിന്റെ പ്രത്യേക ക്ലാസുകളും; ഒറ്റക്കുട്ടി നയം മാറ്റിയ ചൈന അച്ചടക്കം അടിച്ചേൽപ്പിക്കുന്നു
ബെയ്ജിങ്: പൗരന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ചൈനീസ് സർക്കാറിനോളം ഇടപെടുന്ന മറ്റൊരു സർക്കാറും ലോകത്തിൽ ഉണ്ടാകില്ല. കിടപ്പറയിൽ പോലും ഒളിഞ്ഞു നോക്കുന്ന ചൈനീസ് സർക്കാർ ഇപ്പോൾ കുട്ടികളുടെ തെറ്റിന് മാതാപിതാക്കളെ ശിക്ഷിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി പുതിയ നിയമം പാസാക്കാൻ ചൈന ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചൈനീസ് സർക്കാർ പാസാക്കാനരുങ്ങുന്ന പുതിയ നിയമം അനുസരിച്ച് കുട്ടികൾ മോശം രീതിയിൽ പെരുമാറുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ ശിക്ഷ ലഭിക്കുക മാതാപിതാക്കൾക്കാകും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് സർക്കാർ ഏർപ്പെടുത്തുന്ന പ്രത്യേക ക്ലാസുകളിൽ പങ്കെടുക്കണമെന്നത് ഉൾപ്പെടെ നിയമത്തിൽ ശുപാർശ ചെയ്യുന്നു.
കുട്ടികൾ മോശമായി പെരുമാറുന്നതിന് പ്രധാന കാരണം വീട്ടിൽ നിന്ന് കൃത്യമായി ഗുണപാഠങ്ങൾ പഠിക്കാത്തതിനാലാണ്.അതുകൊണ്ടാണ് ഇത്തരമൊരു നിയമം പാസാക്കാനൊരുങ്ങുന്നതെന്ന് ചൈനീസ് പാർലമെന്റ് വ്യക്തമാക്കുന്നത്. കുട്ടികൾക്ക് ആവശ്യത്തിന് വിശ്രമം, വ്യായാമം, കളിസമയം എന്നിവ ലഭ്യമാകുന്നുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കുട്ടികൾളിൽ വർധിച്ച് വരുന്ന ഓൺലൈൻ ഗെയ്മുകളോടുള്ള അപകടകരമായ താത്പര്യം ഇല്ലാതാക്കുന്നതിനും നേരത്തെ ചൈന നിയമം പാസാക്കിയിരുന്നു. കുട്ടികൾക്ക് ഓൺലൈൻ ഗെയ്മുകൾ കളിക്കുന്നതിനുള്ള സമയം ആഴ്ചയിൽ മൂന്ന് ദിവസം ഒരു മണിക്കൂർ വീതമാണ് ഇതിന് അനുവാദമുള്ളത്. രക്ഷിതാക്കൾക്ക് ശിക്ഷ കിട്ടുന്ന തരത്തിലുള്ള നിയമം അടുത്ത ആഴ്ചയോടെ പാസാക്കാനാണ് ഉദ്ദേശിക്കുന്നത്.
18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും ഒരു മണിക്കൂർ മാത്രമേ ഓൺലൈൻ ഗെയിം കളിക്കാൻ അനുമതിയുള്ളൂവെന്ന വിധത്തിലാണ് നയം മാറ്റം. ഈ ദിവസങ്ങളിൽ രാത്രി എട്ട് മുതൽ ഒമ്പത് വരെയാണ് കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം.
ഈ സമയത്തല്ലാതെ കുട്ടികൾക്ക് ഗെയിം ലഭ്യമാകാതിരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണെമെന്ന് ഓൺസലൈൻ ഗെയിം കമ്പനികൾക്ക് അധികൃതർ നിർദ്ദേശം നല്കിയിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കിൽ കർശന നടപടികൾ നേരിടേണ്ടി വരും. ചൈനയിലെ നാഷണൽ പ്രസ് ആൻഡ് പബ്ലിക്കേഷൻ അഡ്മിനിസ്ട്രേഷനാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.നേരത്തേ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പ്രതിദിനം 90 മിനിറ്റും അവധി ദിവസങ്ങളിൽ മൂന്നു മണിക്കൂറും മാത്രമായിരുന്നു ഓൺലൈൻ ഗെയിം കളിക്കാൻ അനുമതി നല്കിയിരുന്നത്.
രാത്രിയിൽ 10 മണിക്കും രാവിലെ എട്ടുമണിക്കും ഇടയിൽ കുട്ടികൾ ഗെയിം കളിക്കുന്നത് തടയുന്നതിന് പ്രത്യേക 'ഫേഷ്യൽ റെക്കഗ്നിഷൻ' സംവിധാനവും നിലവിലുണ്ട്.ചൈനയിൽ നിരവധി കൗമാരക്കാർ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായി മാറിയതായുള്ള റിപ്പോർട്ടുകൾക്ക് പുറമേയാണ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ ഭരണകൂടം തീരുമാനിച്ചത്.
അടുത്തിടെയാണ് ദമ്പതിമാർക്ക് 3 കുട്ടികളാകാമെന്ന സുപ്രധാന നയംമാറ്റത്തിന് ചൈന അംഗീകാരം നൽകിയത്. ജനസംഖ്യയും കുടുംബാസൂത്രണവും സംബന്ധിച്ച പുതിയ ഭേദഗതിക്ക് പീപ്പിൾസ് കോൺഗ്രസ് അംഗീകാരം നൽകുകയായിരുന്നു. ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ 3 കുട്ടികളെ പോറ്റാനാകുമോയെന്ന ആശങ്ക ചൈനീസ് സമൂഹത്തിൽ വളർന്ന സാഹചര്യത്തിൽ, കുട്ടികളെ വളർത്താൻ കൂടുതൽ സർക്കാർ സഹായം ലഭിക്കും.
കഴിഞ്ഞ മേയിലാണ് കമ്യൂണിസ്റ്റ് പാർട്ടി നിർണായക നയംമാറ്റത്തിന് പച്ചക്കൊടി കാണിച്ചത്. 2016 ലാണ് ഒരു കുട്ടി എന്ന നയം തിരുത്തി 2 കുട്ടികളാകാം എന്ന് ചൈന തീരുമാനിച്ചത്. 5 വർഷം കൊണ്ടാണ് അതും തിരുത്തുന്നത്. രാജ്യത്തെ യുവജനങ്ങളുടെ സംഖ്യ ഗണ്യമായി കുറയാൻ ഒറ്റക്കുട്ടി നിയമം ഇടയാക്കിയെന്നാണ് വിലയിരുത്തൽ. 40 കോടി കുഞ്ഞുങ്ങളാണ് ഈ നിയമംമൂലം പിറക്കാതെ പോയതെന്നു കണക്കാക്കപ്പെടുന്നു.
മറുനാടന് ഡെസ്ക്