ബെയ്ജിങ്: മതവിശ്വാസങ്ങൾക്കെതിരെ കടുത്ത നിലപാടുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി. മതവിശ്വാസങ്ങൾ കൈയൊഴിഞ്ഞ് പൂർണമായും നിരീശ്വരവാദിയാവണമെന്നും അല്ലാത്ത പക്ഷം ശിക്ഷാ നടപടി നേരിടുവാൻ തയ്യാറാവണമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം അംഗങ്ങളോട് ആവശ്യപ്പെട്ടു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പൂർണമായും നിരീശ്വരവാദത്തെയാണ് പിന്തുണയ്ക്കുന്നതെങ്കിലും ചൈനയുടെ ഭരണഘടന മതപരമായ വിശ്വാസങ്ങൾ പിന്തുടരാൻ പൗരന്മാർക്ക് അവകാശം നൽകുന്നുണ്ട്. 'പാർട്ടി അംഗങ്ങൾക്ക് ഒരു തരത്തിലുള്ള മതവിശ്വാസങ്ങളും പാടില്ല. എല്ലാം അംഗങ്ങൾക്കുമുള്ള അന്ത്യശാസനയാണിത്' - പാർട്ടിയുടെ ഔദ്യോഗിക മാസികയിലെഴുതിയ ലേഖനത്തിൽ ചൈനയുടെ മതകാര്യ വകുപ്പ് മേധാവി വാംഗ് സോൻ വ്യക്തമാക്കി.

പാർട്ടിയുടെ ഔദ്യോഗിക നയം തന്നെയാണ് വാംഗ് സോന്റെ വാക്കുകൾ എന്നാണ് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മതവിശ്വാസികളോട് പൊതുവെ സഹിഷ്ണുത വച്ചു പുലർത്തിയിട്ടുണ്ടെങ്കിലും പാർട്ടി അംഗങ്ങൾക്ക് മതപരമായ വിശ്വാസങ്ങൾ വച്ചു പുലർത്തുന്നതിന് കടുത്ത വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മതപരമായ ചടങ്ങുകളിലും മതസംഘടനകളിലും സജീവമായ അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന നിലപാടാണ് പാർട്ടിക്കുള്ളത്. പാർട്ടി അംഗങ്ങൾ മാർക്സിയൻ നിരീശ്വരവാദത്തെയാണ് പിന്തുടരേണ്ടത്. മതങ്ങൾക്ക് പകരം അവർ പാർട്ടി നയങ്ങളെ വിശ്വസിക്കുകയും അത് നെഞ്ചേറ്റുകയും വേണം. വാംഗ് സോൻ കുറിക്കുന്നു.

ചെലവിദേശശക്തികൾ മതങ്ങളെ ഉപയോഗിച്ച് ചൈനയെ തകർക്കാൻ ശ്രമിക്കുകയാണ്. മതങ്ങളെ ഉത്തേജിപ്പിക്കുക വഴി മതതീവ്രവാദവും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാനുള്ള വഴിയാണ് നടക്കുന്നത്. രാജ്യസുരക്ഷയ്ക്കും സാമൂഹ്യസ്ഥിരതയ്ക്കും വലിയ വെല്ലുവിളിയാണ് ഇത് സൃഷ്ടിക്കുന്നത്. മതങ്ങളെ നിശിതമായി വിമർശിച്ചു കൊണ്ട് വാംഗ് സോൻ പറയുന്നു.

പാർട്ടി അംഗങ്ങളിൽ വർധിച്ചു വരുന്ന മതവിശ്വാസം പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചു തുടങ്ങിയതോടെയാണ് ഇത്ര കർശനമായ നിലപാടിലേക്ക് പാർട്ടി വന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. മതങ്ങളെ വിശ്വസിക്കുന്നത് വഴി വൈരുധ്യാത്മിക ഭൗതികവാദം എന്ന പാർട്ടിനയത്തെയാണ് അംഗങ്ങൾ തള്ളിക്കളയുന്നതെന്നും പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്.