ബെയ്ജിങ്: പാരീസിൽ നിന്ന് ചൈനയിലേക്കു പോയ ചൈനീസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. തെക്കുകിഴക്കൻ ചൈനീസ് നഗരമായ കുമിങ്ങിലേക്ക് പോയ ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവയുടെ റിപ്പോർട്ട് പ്രകാരം 26 പേർക്ക് പരുക്കേറ്റിട്ടുണ്ട്. എം.യു 774 വിമാനമാണ് ചുഴിയിൽപ്പെട്ടത്.

യാത്രയ്ക്കിടെ പെട്ടെന്ന് വിമാനം ആടിയുലഞ്ഞതോടെ പല യാത്രക്കാരും ഇരുന്ന സീറ്റുകളിൽ നിന്ന് തെറിച്ചതു പോയി. യാത്രക്കാരിൽ പലർക്കും ഒടിവുകളും ചവുകളുമുണ്ടായി. നാല് പേരുടെ നില ഗുരുതരമാണെന്നും സിൻഹുവ റിപ്പോർട്ട് ചെയ്തു.തലയിടിച്ചും ലഗേജുകൾ തെറിച്ച് വീണുമാണ് പലർക്കും പരുക്കേറ്റത്. യാത്രക്കാർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായി ചൈന ഈസ്റ്റേൺ എയർലൈൻസ് അറിയിച്ചു.

രണ്ട് തവണയാണ് വിമാനം ആകാശച്ചുഴിയിൽ പെട്ടത്.ഏതാണ്ട് പത്ത് മിനിറ്റോളം ഈ അവസ്ഥ തുടർന്നതായും യാത്രക്കാർ പറയുന്നു.ഈ മാസം ഇത് രണ്ടാം തവണയാണ് ചൈന ഈസ്റ്റേൺ എയർലൈൻസ് അപകടത്തിൽനിന്ന് രക്ഷപെടുന്നത്. ഈ മാസം 11ന് സിഡ്‌നിയിൽ നിന്ന് ഷാങ്ഹായിലേക്ക് പോയ വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് തിരിച്ചിറക്കിയിരുന്നു