ബെയ്ജിങ്ങ്: ഇന്ത്യ-അഫ്ഗാനിസ്താൻ വ്യോമ ഇടനാഴിക്കെതിരെ പ്രമുഖ ചൈനീസ് മാധ്യമം ഗ്‌ളോബൽ ടൈംസ്. ചൈനയുടെ സാമ്പത്തിക ഇടനാഴിക്ക് സമാന്തരമായി ഉയർന്നുവരാനുള്ള ഇന്ത്യയുടെ നീക്കമാണിതെന്ന് ഗ്‌ളോബൽ ടൈംസ് ആരോപിക്കുന്നു. അടിയുറച്ച ഭൂരാഷ്ട്ര ചിന്തയാണ് ഇത് കാണിക്കുന്നത്.

പുതിയ വ്യോമ ഇടനാഴി പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്താൻ, ഇറാൻ മറ്റ് മധ്യ ഏഷ്യൻ രാജ്യങ്ങളുമായുള്ള വാണിജ്യം വികസിപ്പിക്കാനുള്ള നീക്കമാണോയെന്നും ഗ്ലോബൽ ടൈംസ് ചോദിക്കുന്നു. പ്രദേശിക സാമ്പത്തിക വികസനത്തിൽ മാത്രമല്ല, വിട്ടുവീഴ്ചയില്ലാത്ത ഭൂരാഷ്ട്രീയ ചിന്തകളുമാണ് ഇന്ത്യയ്ക്ക് ഇതിനു പിന്നിലുള്ളതെന്നും ലേഖനത്തിൽ പറയുന്നു

പാക് അധിനിവേശ കശ്മീരിലെ ഗിൽജിത്-ബലൂചിസ്താൻ മേഖലയിൽ കൂടിയുള്ള ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്ന ഇന്ത്യ സമാനമായ പദ്ധതി കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ഗ്ലോബൽ ടൈംസ് പറയുന്നു.ചൈനയുമായി സഹകരിച്ചാണ് പാക്കിസ്ഥാൻ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ വിപണിയിലേക്ക് അഫ്ഗാനിസ്താന് എളുപ്പത്തിൽ പ്രവേശിക്കുന്നതിനുമായി കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ-അഫ്ഗാനിസ്താൻ വ്യോമ ഇടനാഴി ഉദ്ഘാടനം ചെയ്തത്.

അഫ്ഗാനിസ്ഥാന്റെ ഏറ്റവുമടുത്ത സുഹൃദ്രാജ്യമായഇന്ത്യ ഇരുരാജ്യങ്ങൾക്കുമിടയിൽ എളുപ്പത്തിൽ സാധ്യമാകുന്ന പാതകൾ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. ചബഹർ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്താനും ഇറാനുമായി ഇന്ത്യ സഹകരിക്കുന്നുണ്ട്.

ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയെ ഇന്ത്യ എതിർക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ വിഷയം ചൈനീസ് മാധ്യമം അതീവ ശ്രദ്ധ കൊടുത്തിരിക്കുന്നത്.ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രം കൂടിയാണ് ഗ്‌ളോബൽ ടൈംസ്.