ബീജിങ്: രാജ്യത്തെ ആക്രമിക്കാനെത്തുന്ന ശത്രുക്കൾ ഏതായാലും അതിനെ നിഷ്ഫലമാക്കാനുള്ള കഴിവും ശക്തിയും ചൈനീസ് സൈന്യത്തിനുണ്ടെന്ന് പ്രസിഡന്റ് ഷീ ജിൻപിങ്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 90-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ സൈനിക ആസ്ഥാനത്ത് നടന്ന പരേഡ് സ്വീകരിച്ചുകൊണ്ടാണ് കരസേനയുടെ കരുത്തിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

രാജ്യത്തിനെതിരെ വരുന്ന എല്ലാ ശത്രുക്കളേയും പ്രതിരോധിക്കാനും ഇല്ലാതാക്കാനുമുള്ള കഴിവും കരുത്തും നമ്മുടെ സൈന്യത്തിനുണ്ടെന്നാണ് തന്റെ വിശ്വാസം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ നേതൃത്വത്തെ പീപ്പിൾസ് ലിബറേഷൻ ആർമി നിർബന്ധമായും പിന്തുടരണം, പാർട്ടി എന്താണോ പറയുന്നത് അതിനനുസരിച്ച് പ്രവർത്തിക്കണമെന്നും ഷീ ജിൻപിങ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരത്തേയും സുരക്ഷയേയും വികസന താൽപര്യത്തേയും സംരക്ഷിക്കാനുള്ള കഴിവും കരുത്തും ചൈനീസ് സൈന്യത്തിനുണ്ട്. വികസനത്തിന് ആവശ്യമായ സംഭാവനകൾ നൽകി രാജ്യത്തെ ശക്തിപ്പെടുത്താനുള്ള പങ്ക് വഹിക്കാൻ ചൈനീസ് സൈന്യത്തിന് കഴിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ദോക്ലാമിലെ അതിർത്തി സംഘർഷത്തെക്കുറിച്ച് സൈനിക പരേഡിനിടെ ചർച്ചയോ പരാമർശമോ ഉയർന്നില്ല. ദോക് ലാമിൽ സംഘർഷ സാധ്യതയുള്ള മേഖലയിൽ ഇന്ത്യ സൈന്യത്തെ വിന്യസിച്ചതിനെതിരെ ചൈന രംഗത്തെത്തിയിരുന്നു. മേഖലയിൽ നിന്നും സൈന്യത്തെ പിൻവലിക്കാതെ അതിർത്തി തർക്കം സംബന്ധിച്ച വിഷയത്തിൽ ചർച്ചയ്ക്കില്ലെന്നായിരുന്നു ചൈനയുടെ നിലപാട്.

ഇന്ത്യ- ഭൂട്ടാൻ-ചൈന അതിർത്തികൾ ഒന്നിക്കുന്ന ട്രൈ ജംഗ്ഷൻ പോയിന്റിൽ ചൈനയുടെ റോഡ് നിർമ്മാണം തടഞ്ഞതാണ് ചൈനയെ പ്രകോപിപ്പിച്ചത്. രാജ്യത്തിന്റെ സുരക്ഷ പരിഗണിച്ചാണ് നിർമ്മാണം തടഞ്ഞതെന്നാണ് ഇന്ത്യയുടെ വാദം. ഒരു മാസത്തിലധികമായി ദോക് ലാമിൽ ഇന്ത്യ-ചൈന സൈനികർ മുഖാമുഖം നിൽക്കുകയാണ്. ഇന്ത്യ പിന്മാറിയില്ലെങ്കിൽ സൈനിക നീക്കം നടത്തുമെന്നായിരുന്നു ചൈനീസ് വക്താക്കൾ പ്രതികരിച്ചത്. പത്ത് മിനിറ്റോളം നീണ്ടുനിൽക്കുന്ന പ്രസംഗത്തിൽ ഈ വിഷയം ഉയർന്നില്ല.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ പാർട്ടി. 23 ലക്ഷം സൈനികരാണ് രാജ്യത്തിനു വേണ്ടി പീപ്പിൾസ് ലിബറേഷൻ ആർമിയിൽ അണിനിരക്കുന്നത്. പ്രസിഡന്റ് ഷീ ജിൻപിങ് ആണ് സെൻട്രൽ മിലിട്ടറി കമ്മീഷനെ നിയന്ത്രിക്കുന്നത്. 90 ആം വാർഷികത്തോട് അനുബന്ധിച്ച് നടന്ന സൈനിക ശക്തിപ്രകടനത്തിൽ 12.000 ട്രൂപ്പുകളാണ് പങ്കെടുത്തത്. 129 എയർക്രാഫ്റ്റുകളും 571 വിധത്തിലുള്ള ആയുധങ്ങളുടെ പ്രദർശനവും മിസൈൽ പ്രദർശനവും നടന്നു.