- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയത് നാല് വയസുള്ളപ്പോൾ; ഓർമയിലുള്ള ഗ്രാമത്തിന്റെ ചിത്രംവരച്ചു;സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു; യുവാവിന് അപ്രതീക്ഷിതമായി തിരികെ കിട്ടിയത് സ്വന്തം കുടുംബത്തെ
ബെയ്ജിങ്: നാല് വയസ്സുള്ളപ്പോൾ കുട്ടിക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതിനെ തുടർന്ന് ഉറ്റവരെ നഷ്ടമായ യുവാവിന് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച ഒരു ഓർമ്മചിത്രം തിരികെ നൽകിയത് വലിയ സൗഭാഗ്യം. ചൈനയിലെ യുനാൻ പ്രവിശ്യയിലെ ലി ജിങ്ഒവായ് എന്ന യുവാവാണ് 33 വർഷങ്ങൾക്ക് ശേഷം വീട്ടുകാരുടെ അടുത്ത് തിരിച്ചെത്തിയത്.
ഓർമയിലുണ്ടായിരുന്ന ഗ്രാമത്തിന്റെ ചിത്രംവരച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് തന്റെ കുടുംബത്തിന് ഒപ്പം ചേരാനുള്ള അവസരം ലി ജിങ് ഓവായിയെ തേടിയെത്തിയത്.
1988-ൽ വെറും നാല് വയസ് പ്രായമുള്ളപ്പോഴാണ് ലീയെ കുട്ടിക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് സ്വന്തം വീട്ടുകാരെ കണ്ടെത്താൻ ലീയ്ക്ക് കഴിഞ്ഞിരുന്നില്ല. കുട്ടിക്കാലത്തെ തന്റെ ഓർമയിലുള്ള ഗ്രാമത്തിന്റെ ചിത്രം വരച്ചതാണ് ലീയെ കുടുംബത്തിനൊപ്പം തിരിച്ചെത്തിച്ചത്.
താൻ വരച്ച ചിത്രം ഡിസംബറിൽ ഇദ്ദേഹം സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ഈ സ്ഥലം ഏതാണെന്ന് അറിയാമോ എന്ന് ആരായുകയും ചെയ്തിരുന്നു. ചിത്രം ശ്രദ്ധയിൽപ്പെട്ട പൊലീസ് അത് യുനാൻ പ്രവിശ്യയിലെ ഗ്രാമത്തിന്റെ പഴയ ചിത്രമാണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡി.എൻ.എ പരിശോധനയിൽ ഗ്രാമത്തിൽ പണ്ട് കുട്ടിയെ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ സാമ്പിളുമായി ലീയുടെ സാമ്പിൾ പൊരുത്തപ്പെട്ടതോടെ പുതുവർഷദിനത്തിൽ ലീ വീണ്ടും തന്റെ കുടുംബത്തോടൊപ്പം ചേരുകയായിരുന്നു.
എന്നാൽ മകൻ തിരികെ എത്തുന്നത് കാണാൻ ലീയുടെ പിതാവ് ജീവനോടെ ഉണ്ടായിരുന്നില്ല. ഏതാനും വർഷങ്ങൾക്ക് മുൻപ് അദ്ദേഹം മരണപ്പെട്ടിരുന്നു. കുടുംബത്തെ കണ്ടെത്താൻ സഹായിച്ച എല്ലാവരെയും ലീ നന്ദി അറിയിച്ചു. നവംബർ വരെയുള്ള കണക്കനുസരിച്ച് ചൈനയിൽ പ്രത്യേക ഓപ്പറേഷനിലൂടെ വർഷങ്ങളായി കാണാതായ 8300 കുട്ടികളെയാണ് തിരികെയെത്തിക്കാൻ കഴിഞ്ഞത്.