ജോത്സ്യവും പ്രവചനങ്ങളുമൊക്കെ ചുമ്മാ ആളെപ്പറ്റിക്കാനുള്ള മാർഗങ്ങളാണെന്ന് പറയുമ്പോഴും ചില പ്രവചനങ്ങൾ സത്യമാകുമ്പോൾ നാം അന്തംവിട്ട് നിൽക്കാറുണ്ട്. കഴിഞ്ഞ ദിവസം അപ്രത്യക്ഷമായ എയർ ഏഷ്യ വിമാനത്തെപ്പറ്റി ഒരു ചൈനീസ് ബ്ലോഗർ 13 ദിവസം മുമ്പ് നടത്തിയ പ്രവചനത്തെക്കുറിച്ചറിഞ്ഞ് ലോകം ഞെട്ടിത്തരിച്ചിരിക്കുകയാണ്. പ്രവചനമിപ്പോൾ ഇന്റർനെറ്റിൽ വൈറലാകുകയും ചെയ്യുന്നുണ്ട്. ഇതോടെ വിമാനത്തിന്റെ തിരോധാനം അട്ടിമറിയാണോ എന്നതിനെ സംബന്ധിച്ചും ചൂടൻ ചർച്ചകൾ നടന്ന് വരികയാണ.് ഈ ബ്ലോഗിലെ പോസ്റ്റുകളാണിപ്പോൾ നെറ്റിൽ തരംഗമായി പ്രചരിക്കുന്നത്.

ഈ വർഷമാദ്യം കാണാതായ മലേഷ്യൻ വിമാനങ്ങളായ എംഎച്ച് 17ന്റെയും എംച്ച് 370ന്റെയും തിരോധാനത്തിന് കാരണക്കാരായ ഷോഡോ ഗ്രൂപ്പായ ബ്ലാക്ക് ഹാൻഡ് കഴിഞ്ഞ ദിവസം കാണാതായതും സുരബായയിൽ നിന്നും സിംഗപ്പൂരിലേക്ക് യാത്ര ചെയ്ത വിമാനത്തെയും ലക്ഷ്യമിടുന്ന വെന്നാണ് ബ്ലോഗർ പ്രവചിച്ചിരുന്നത്. വിമാനം പറഞ്ഞത് പോലെ അപ്രത്യക്ഷമായതിനെത്തുടർന്ന് ഈ ബ്ലോഗറുടെ കുറിക്ക് കൊള്ളുന്ന പ്രവചനത്തെ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ആ പ്രവചനത്തിൽ ഏവരും അത്ഭുതം കൊള്ളുകയും ചെയ്യുന്നുണ്ട്. എംഎച്ച് 370നെയും എംഎച്ച് 17നെയും ഹൈജാക്ക് ചെയ്ത ബ്ലാക്ക്ഹാൻ്ഡ് അടുത്തതായി ലക്ഷ്യമിടുന്നത് എയർ ഏഷ്യ വിമാനത്തെയാണെന്ന് ഡിസംബർ 15ന് ബ്ലോഗർ ഒരു കമന്റിലൂടെ പ്രവചിച്ചിരുന്നു. അതിനാൽ എല്ലാ ചൈനക്കാരും എയർഏഷ്യയിൽ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. നിരവധി അണ്ടർഗ്രൗണ്ട് ഗ്രൂപ്പുകളെ പൊതുവിൽ വിളിക്കുന്ന പേരാണ് ബ്ലാക്ക്ഹാൻഡ്. കാണാതായ എയർഏഷ്യ വിമാനത്തിൽ ഒരൊറ്റ ചൈനക്കാരനും ഉണ്ടായിരുന്നില്ലെന്നതും അത്ഭുതകരമായ യാഥാർത്ഥ്യമാണ്. ഇതുമായി ബന്ധപ്പെട്ട് 39 പോസ്റ്റുകളാണ് ബ്ലോഗർ സോഷ്യൽമീഡിയയിൽ ഇട്ടിരിക്കുന്നത്. ഇവ 650,000 ആളുകൾ കാണുകയും ചെയ്തിട്ടുണ്ട്.

ഇതിലെന്തോ ഗൂഡാലോചനയുണ്ടെന്നാണ് ഒരു റെഡ്ഇറ്റ് യൂസർ പറയുന്നത്. എല്ലാ ചൈനക്കാരും എയർഏഷ്യയിലെ സഞ്ചാരം ഒഴിവാക്കണമെന്നതിൽ നിന്നും പലതും വായിച്ചെടുക്കാമെന്നാണ് സോഷ്യൽമീഡിയയിലൂടെ ചിലർ വാദിക്കുന്നത്. ഇത് മനുഷ്യചരിത്രത്തിലെ ഒരു പ്രധാന സംഭവമാണെന്നും നാം കരുതിയിരിക്കണമെന്നും ഡിസംബർ 16നും 17നും ബ്ലോഗർ മുന്നറിയിപ്പ് ആവർത്തിക്കുന്നതായി കാണാം. അമേരിക്കയെ ഇക്കാര്യത്തിൽ സംശയമുണ്ടെന്നും ബ്ലോഗർ സൂചന നൽകുന്നുണ്ട്. തന്റെ നിർദ്ദേശങ്ങൾ ചിലർ പിന്തുടരാൻ തയ്യാറായിട്ടുണ്ടെന്ന് തുടർന്ന് ബ്ലോഗർ അവകാശപ്പെടുന്നുമുണ്ട്. എന്നാൽ ഡിസംബർ 17ന് ബ്ലോഗർ യാതൊരു വിധ പോസ്റ്റുമിട്ടിട്ടില്ല. വിമാനത്തിന് ദുരന്തമുണ്ടായ ശേഷം നിരവധി പേർ ഈ ബ്ലോഗർക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അയാൾ ചൈനീസ് ഇന്റലിജൻസ് ഓഫീസറാണെന്നും അതല്ല ഹാക്കറാണെന്നുമാണ് ചിലർ പറയുന്നത്. അയാൾക്ക് ഇതിന് പുറകിൽ പ്രവർത്തിച്ച ഗ്രൂപ്പിൽ നിന്ന് സന്ദേശം ലഭിച്ചിരിക്കാമെന്നും ചിലർ അനുമാനിക്കുന്നു.എയർ ഏഷ്യ വിമാനത്തിന്റെ തിരോധാനത്തിന് ശേഷം ഒറിജനിൽ പോസ്റ്റുകൾ പ്രവചനമാക്കി മാറ്റിത്തീർക്കാൻ എഡിറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഈ പ്രവചനത്തെ അവിശ്വസിക്കുന്നവർ വാദിക്കുന്നത്. ചൈനീസ് ഭാഷ ട്രാൻസിലേറ്റ് ചെയ്തപ്പോഴുള്ള പ്രശ്‌നങ്ങളും ഈ പോസ്റ്റുകളെ തെറ്റിദ്ധരിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് എപോക് ടൈംസിന്റെ ചൈനീസ് വേർഷൻ റിപ്പോർട്ട് ചെയ്യുന്നത്. പ്രവചനം എന്തായാലും വിമാനം കാണാതാവുകയും അത് കണ്ടെത്താനുള്ള തിരച്ചിൽ അനുസ്യൂതം തുടരുകയുമാണ്.