ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കം നിലനിൽക്കെ ചൈനീസ് വിദേശകാര്യ മന്ത്രി ഈ മാസം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യ സന്ദർശനത്തിന് മുമ്പായി അദ്ദേഹം നേപ്പാളിലെത്തും. സന്ദർശനം യാഥാർത്ഥ്യമായാൽ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്ന മുതിർന്ന ചൈനീസ് നേതാവാകും വാങ് ചീ.

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഇന്ത്യാ-ചൈന സൈനിക ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. അതിർത്തിയിലെ ചുഷുൽ മോൾഡോയിൽ സൈനിക കമാൻഡർമാർ 15-ാം വട്ട കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

സമീപ വർഷങ്ങളിലായി ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ചില തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ചീ ഈ മാസം ആദ്യം പറഞ്ഞിരുന്നു. ന്യായവും നീതിയുക്തവുമായ ഒത്തുതീർപ്പിനായി ഇരു രാജ്യങ്ങളും അതിർത്തി പ്രശ്നത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായവ്യത്യാസങ്ങൾ തുല്യമായ കൂടിയാലോചനകളിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ചില ശക്തികൾ ഇപ്പോഴും ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും യുഎസിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

'ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ചില തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. അത് ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും അടിസ്ഥാന താൽപ്പര്യങ്ങൾ നിറവേറ്റുന്നില്ല'. അതിർത്തി തർക്കത്തെ കുറിച്ചും അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് വാങ് ചീ ഇങ്ങനെ മറുപടി നൽകി.

ബെയ്ജിങ് അതിർത്തി ഉടമ്പടികൾ ലംഘിച്ചതിന് ശേഷം ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വളരെ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. അതിർത്തിയിലെ സംഘർഷം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ മോശമാക്കുമെന്നും ഈ വർഷം ജർമ്മനിയിൽ നടന്ന മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ഇന്ത്യ സന്ദർശിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രി താൽപ്പര്യം പ്രകടിപ്പിച്ചത്.