പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്നു വൈകിട്ട് അഞ്ചുമണിയോടെയാണ് നട തുറന്നത്. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസവും ഭക്തർക്ക് ശബരിമലയിലേക്ക് ദർശനത്തിനുള്ള  അനുമതിയില്ല

തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്ക് തെളിച്ചു. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്തു. പിന്നീട് മേൽശാന്തി പതിനെട്ടാം പടിക്കുമുന്നിലെ ആഴിയിൽ അഗ്‌നി പകർന്നു.

നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങം ഒന്നായ ഓഗസ്റ്റ് 17 ന് പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും ഉണ്ടാകും. ശേഷം മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ.ഓഗസ്റ്റ് 17 മുതൽ 21 വരെ പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല.

21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകൾക്ക് പരിസമാപ്തി ആകും. ഓണക്കാലത്ത് 5 ദിവസങ്ങളിൽ പൂജകൾക്കായി നട തുറക്കും. 29 മുതൽ സെപ്റ്റംബർ 2 വരെയാണ് ഓണക്കാലത്ത് നടതുറക്കുക.സെപ്റ്റംബർ 2 ന് രാത്രി നട അടയ്ക്കും.