ബോളിവുഡിൽ തനുശ്രീ ദത്തുകൊളുത്തി വിട്ട മീറ്റു ക്യാംപയിന്റെ വിവാദങ്ങൾ അവസാനിക്കുന്നില്ല. തനുശ്രീക്ക് പിന്നാലെ ബോളിവുഡ് ക്വീൻ കങ്കണ റണാവത്താണ് ഇന്നലെ സംവിധായകൻ വികാസ് ബാലിനെതിരെ നടത്തിയ ആരോപണങ്ങളുടെ കെട്ടടങ്ങലിന് മുമ്പ് മറ്റൊരു തുറന്ന് പറച്ചിലിലൂമായി രംഗത്തെത്തിയിരിക്ക്ുകയാണ് തെന്നിന്ത്യയിലെ പ്രശസ്ത ഗായിക ചിന്മയി ശ്രീപാദയും.ജീവിതത്തിലെ പല ഘട്ടങ്ങളിലും നേരിടേണ്ടിവന്നിട്ടുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെയാണ് ചിന്മയി പങ്ക് വച്ചിരിക്കുന്നത്.

ചിന്മയുടെ കുറിപ്പ് ഇങ്ങനെ

എനിക്ക് എട്ട്, ഒൻപത് വയസ്സ് മാത്രമേ അന്ന് പ്രായമുണ്ടായിരുന്നപ്പോഴാണ് ആ സംഭവം. ഞാൻ ഉറങ്ങുകയായിരുന്നു. എന്റെ അമ്മ ഒരു ഡോക്യുമെന്ററി റെക്കോഡ് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. പെട്ടെന്ന് ആരോ എന്റെ സ്വകാര്യ ഭാഗങ്ങളിൽ തൊടുന്ന പോലെ തോന്നിയപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്. അമ്മയോട് ഞാൻ പറഞ്ഞു, ഈ അങ്കിൾ ചീത്തയാണ്. സാന്തോം കമ്മ്യൂണിക്കേഷൻ സ്റ്റുഡിയോയിൽ വച്ചാണ് ആ സംഭവം.' ചിന്മയി തന്റെ ട്വിറ്ററിൽ കുറിച്ചു.

പിന്നീട് മുതിർന്നതിന് ശേഷം സമൂഹത്തിൽ ഏറെ ബഹുമാന്യനായ വ്യക്തി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ചിന്മയി പറഞ്ഞു.എനിക്ക് 19 വയസുള്ളപ്പോഴാണ്. അയാൾ എന്നെ ഓഫിസിലേക്ക് വിളിപ്പിച്ചു. ഒരു സംശയം തോന്നിയില്ല. എന്നാൽ ഓഫിസിലെത്തിയപ്പോൾ അയാളെന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചു. ഇതേക്കുറിച്ച് പലരോടും പറഞ്ഞെങ്കിലും എന്നെ നിശബ്ദയാക്കുകയാണ് അവർ ചെയ്തത്. ഇതാണെന്നെ കൂടുതൽ വേദനിപ്പിച്ചതെന്നും ചിന്മയി.

സൈബർ ആക്രമണത്തിനെതിരെ പരാതി നൽകാനെത്തിയപ്പോഴും തനിക്ക് നീതി ലഭിച്ചില്ലെന്ന് ഗായിക പറയുന്നു. കേസ് നടപടികളൊന്നുമുണ്ടായില്ല. പകരം സമൂഹ മാധ്യമങ്ങളിലൂടെ ചീത്ത വിളിയും ഭീഷണിയും തുടർന്നുവെന്നും ചിന്മയി പറയുന്നു. തന്റെ പരിപാടികൾ അലങ്കോലപ്പെടുത്തുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നുമൊക്കെയായിരുന്നു ഭീഷണികൾ. മയ്യ മയ്യ എന്ന ഗാനം പാടിയ സ്ത്രീക്ക് പീഡനത്തിന്റെ പേരിൽ പരാതി നൽകാൻ അർഹതയില്ലെന്നായിരുന്നു പ്രശസ്തയായ ഒരു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും പറഞ്ഞത്.