ചെന്നൈ: കസബ വിവാദത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിരന്തരം അപമാനിക്കപ്പെടുന്ന നടി പാർവതിക്ക് പിന്തുണയുമായി ഗായിക ചിന്മയി ശ്രീപദയും. സോഷ്യൽ മീഡിയയിലൂടെ ആക്രമണം നടത്തുന്നവർ മുഖംമൂടി ധരിച്ചിരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായെന്നും അവർക്കെതിരെ താൻ സോഷ്യൽ മീഡിയയിലൂടെ ക്യാമ്പയിൻ നടത്തിയെന്നും രണ്ടു പേരെ ജയിലിലടച്ചെന്നും വ്യക്തമാക്കയാണ് പാർവതിക്ക് പിന്തുണ അറിയിച്ച് ചിന്മയിയുടെ ട്വീറ്റ്. പൊലീസിൽ പരാതി നൽകിയ പാർവ്വതിയെ അഭിനന്ദിക്കുകയും ചെയ്തു അവർ.

തന്റെ പരാതിയിൽ അറസ്റ്റിലായവരിൽ ഒരാൾ കളക്ടറേറ്റിലെ ക്ലർക്കാണെന്നും മറ്റൊരാൾ നിഫ്റ്റിൽ ജോലി ചെയ്തിരുന്നയാളാണെന്നും ചിന്മയ് പറയുന്നു.. മദ്രാസ് ഹൈക്കോടതിയിൽ ഇന്നും കേസ് നടക്കുകയാണ്. 'ഈ നീചന്മാർ ജാതീയമായി അധിക്ഷേപിക്കാം, ആസിഡ് ആക്രമണവും ബലാൽസംഗ ഭീഷണിയും മുഴക്കാം, അവയെ തരണം ചെയ്യുക അത്ര എളുപ്പമല്ല, പക്ഷേ ധൈര്യമായി മുന്നോട്ടും പോകണം' ചിന്മയി ട്വീറ്റിൽ കുറിക്കുന്നു.

തനിക്കെതിരെ അപവാദ പ്രചരണം ഉണ്ടായപ്പോൾ ചെയ്ഞ്ച് ഡോട്ട് ഓർഗ് എന്ന വെബ്സൈറ്റിൽ ചിന്മയി പോസ്റ്റ് ചെയ്ത ഓൺലൈൻ പരാതിക്കു നിരവധി പേരാണ് പിന്തുണ നൽകിയത്. കൂട്ട ബലാൽസംഗം ചെയ്യുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണികൾ ലഭിച്ചതിനെ തുടർന്നായിരുന്നു ചിന്മയി തന്റെ സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തിയത്. തനിക്കെതിരെ ഭീഷണി മുഴക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അവർ രംഗത്തെത്തിയത്.

മമ്മൂട്ടി നായകനായി അഭിനയിച്ച കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ വിമർശിച്ചതോടെയാണ് നടി പാർവതിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ സംഘടിത സൈബർ ആക്രമണം നടക്കുന്നത്. മമ്മൂട്ടി ആരാധകരായവരും ചലച്ചിത്ര രംഗത്തെ പലരും തന്നെ പാർവതിക്ക് എതിരെ രംഗത്തുവന്നിരുന്നു. ഇതോടെ പാർവതി അനുകൂലിച്ചും നിരവധിപേർ എത്തി.

പാർവ്വതിയെ പിന്തുണച്ച് രംഗത്തെത്തിയ മറ്റ് സഹപ്രവർത്തകർക്കും സിനിമാപ്രവർത്തകർക്കും സമാനമായ സൈബർ അക്രമണം നേരിടേണ്ടി വന്നു. തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് കാട്ടി നടി പാർവ്വതി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ ഒരാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.